kannur local

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മൂന്ന് എയ്‌റോ ബ്രിഡ്ജുകള്‍കൂടി

മട്ടന്നൂര്‍: നിര്‍മാണം അന്തിമഘട്ടത്തിലെത്തിയ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മൂന്ന് എയ്‌റോ ബ്രിഡ്ജുകള്‍ കൂടിയെത്തുന്നു. കണ്ണൂരില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മൂന്ന് എയ്‌റോബ്രിഡ്ജുകള്‍ കൂടി ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ വിമാനത്താവളത്തില്‍ ആറ് എയ്‌റോ ബ്രിഡ്ജുകള്‍ മാത്രമേ സ്ഥാപിക്കാന്‍ കഴിയൂ.
നേരത്തേ മൂന്ന് എയ്‌റോ ബ്രിഡ്ജുകള്‍ വിമാനത്താവളത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് എത്തിച്ചിരുന്നു. ആദ്യം കൊച്ചിയിലും പിന്നീട് അഴീക്കല്‍ തുറമുഖത്തുമെത്തിച്ച് റോഡ് മാര്‍ഗമാണ് കൊണ്ടുവന്നത്. അഴീക്കല്‍ തുറമുഖം വഴി വലിയ യന്ത്രസാമഗ്രികള്‍ എത്തിക്കുന്നത് പ്രയാസമാണെന്നതിനാല്‍ എയ്‌റോ ബ്രിഡ്ജുകള്‍ ചെന്നൈ തുറമുഖത്താണ് ഉള്ളത്.
ഉടന്‍ തന്നെ കണ്ണൂരിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കിയാല്‍ അധികൃതര്‍. ഇതിനു പുറമെ വിമാനത്താവളത്തില്‍ ഐഎല്‍എസ് സിസ്റ്റം ഘടിപ്പിക്കുന്ന ജോലി തിങ്കളാഴ്ച തുടങ്ങും. വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിങും പൂര്‍ണമായും സുരക്ഷിതമാക്കാനുള്ള സംവിധാനമാണ് ഐഎല്‍എസ്.
ഏത് കാലാവസ്ഥയിലും വിമാനം ഇറക്കാനുള്ള സംവിധാനമാണിത്. ഇതിനായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള വിദ്ഗധ സംഘം ഞായറാഴ്ച വിമാനത്താവളത്തിലെത്തും. ഐഎല്‍എസ് സിസ്റ്റം ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെയെത്തിച്ചിട്ടുണ്ട്.
ഇത് സജ്ജമാക്കുന്ന പണി 18 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ മാത്രമേ ഇപ്പോള്‍ ഈ സംവിധാനമുള്ളൂ. പൈലറ്റിന് റണ്‍വേ പൂര്‍ണമായും ദൃശ്യമാവാത്ത സാഹചര്യത്തിലും വിമാനം യഥാസ്ഥാനത്ത് ഇറക്കാന്‍ ഇതുവഴി സാധിക്കും. വിമാനത്തിലും വിമാനത്താവളത്തിലും ഉപകരണമുണ്ടാവും. മഴയോ മഞ്ഞോ കാരണം റണ്‍വേ കാണാതെ വന്നാലും വിമാനം ലാന്‍ഡ് ചെയ്യാന്‍ പ്രയാസമുണ്ടാവില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉടന്‍ ആദ്യന്തര സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്.
Next Story

RELATED STORIES

Share it