കണ്ണൂര്‍ പോലിസിലും ദാസ്യപ്പണി വിവാദം

കണ്ണൂര്‍: പോലിസിലെ മേലുദ്യോഗസ്ഥര്‍ക്കായി ദാസ്യപ്പണി ചെയ്യിക്കുന്ന സംഭവം കണ്ണൂരിലും. പുതിയതെരു സ്വദേശിയായ ഒരു പോലിസുകാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ചെയ്യുന്നത് വിരമിച്ച ഒരു ഡിജിപിയുടെ വീട്ടിലാണ്. ദാസ്യപ്പണിക്കെതിരേ സര്‍വീസിലിരിക്കെ ഉത്തരവിറക്കിയ ഡിജിപിയുടെ വാഹനം ഓടിക്കുന്നതും ഈ പോലിസുകാരന്‍ തന്നെ. കഴിഞ്ഞ വര്‍ഷം പോലിസിന്റെ ഏതെങ്കിലും ഔദ്യോഗിക വാഹനം ഓടിച്ചതായി ഇയാളുടെ ഡ്യൂട്ടിബുക്കിലോ ഡ്യൂട്ടി നിശ്ചയിക്കുന്ന എംടിഒയുടെ രേഖയിലോ കാണാനില്ല.
മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലും ക്യാംപ് ഫോളോവേഴ്‌സിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നുണ്ട്. ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ക്യാംപ് ഫോളോവേഴ്‌സായ മൂന്നു പേര്‍ ജോലി ചെയ്യുന്നു. ഒരാളെ ഭക്ഷണം പാകം ചെയ്യാനും മറ്റൊരാളെ തൂപ്പുജോലിക്കും മൂന്നാമനെ അലക്കാനും സാധനങ്ങള്‍ വാങ്ങാനും നിയോഗിച്ചിരിക്കുകയാണ്. ഇതിലൊരാള്‍ കെഎപി ക്യാംപിലെ സ്ഥിരം ജോലിക്കാരനും മറ്റു രണ്ടു പേര്‍ താല്‍ക്കാലിക ജീവനക്കാരുമാണ്.
ബറ്റാലിയനിലെ മറ്റൊരു ഉദ്യോഗസ്ഥനു കീഴിയില്‍ രണ്ടു പേരാണ് ദാസ്യപ്പണി ചെയ്യുന്നത്. ഇതിലൊരാള്‍ക്ക് ക്യാംപിലെ സ്വിമ്മിങ്പൂള്‍ ശുചീകരിക്കലാണ് ജോലി. സാധാരണഗതിയില്‍ ക്യാംപിലെ എല്ലാവരും ചേര്‍ന്നാണ് സ്വിമ്മിങ്പൂള്‍ ശുചീകരിക്കാറുള്ളത്. അതിനാല്‍ ഇയാള്‍ക്ക് ക്യാംപില്‍ മറ്റു ജോലികളില്ല. ഇതു മുതലെടുത്ത് ഉദ്യോഗസ്ഥന്റെ വീട്ടിലെ വസ്ത്രം അലക്കാനും സാധനങ്ങള്‍ വാങ്ങാനും ഇയാളെ നിയോഗിക്കാറുണ്ട്. അതിനിടെ, പോലിസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ ദാസ്യപ്പണിക്കെതിരേ പ്രതികരിക്കുന്ന ചില രാഷ്ട്രീയ നേതാക്കളും പോലിസിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായിപോലിസുകാര്‍ ആരോപിക്കുന്നു. കണ്ണൂരില്‍ മാത്രം മുപ്പതോളം പോലിസുകാര്‍ രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.
Next Story

RELATED STORIES

Share it