kannur local

കണ്ണൂരില്‍ റോറോ സര്‍വീസ്; റെയില്‍വേക്ക് ശുപാര്‍ശ സമര്‍പ്പിച്ചു

കണ്ണൂര്‍: കഴിഞ്ഞ 20 വര്‍ഷമായി കൊങ്കണ്‍ റയില്‍വേ വിജയകരമായി നടപ്പാക്കിവരുന്ന റോറോ(റോള്‍ ഓണ്‍, റോള്‍ ഓഫ്) കണ്ണൂരിലും പരീക്ഷിക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച യോഗം ആവശ്യപ്പെട്ടു. റെയില്‍വേ ഉദ്യോഗസ്ഥരും ചരക്കുഗതാഗതമേഖലയിലെ വ്യാപാരികളും അസോസിയേഷനുകളും ചേര്‍ന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. വിമാനത്താവളം, അഴീക്കല്‍ തുറമുഖം തുടങ്ങിയവ നടപ്പാവുന്നതോടെ ഉത്തരമേഖലയുടെ കയറ്റുമതി, ഇറക്കുമതി രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് കൊങ്കണ്‍ റെയില്‍വേയുടെ റോറോ പദ്ധതി സൗകര്യപ്രദമാവുമെന്ന് യോഗം വിലയിരുത്തി.
പാലക്കാട് ഡിവിഷനിലെ ആദ്യ റോറോ സംവിധാനത്തിനു തുടക്കമിടണമെന്ന് ആവശ്യപ്പെട്ട യോഗത്തില്‍ കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇവ സ്ഥാപിക്കാനുള്ള ശുപാര്‍ശ റയില്‍വേയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ലോറികള്‍ക്കുള്ള റാക്ക്, വെയിങ് ബ്രിഡ്ജ്, ചരക്കുകളുടെ ഉയരം ക്രമീകരിക്കാനുള്ള സൗകര്യം എന്നിവയാണ് ഇവയ്ക്കാവശ്യം. റെയില്‍വേ ബോര്‍ഡിന്റെ തന്നെ നിര്‍ദേശമുള്ളതിനാല്‍ സംവിധാനം ഉടന്‍ തുടങ്ങാനാവുമെന്നു റെയില്‍വേ ഉദ്യോഗസ്ഥ പ്രതിനിധി സംഘം ഉറപ്പുനല്‍കി. കൊങ്കണ്‍ റയില്‍വേയ്ക്കു കീഴില്‍ റോറോ സര്‍വീസില്‍ പ്രതിദിനം മൂന്നുതവണയായി സൂറത്ത്കല്‍ മുതല്‍ കോലാട് വരെ 150 ലോറികളാണ് ചരക്കുകള്‍ കടത്തുന്നത്.
ഗതാഗതക്കുരുക്കോ സമയനഷ്ടമോ ഇന്ധന നഷ്ടമോ അപകടങ്ങള്‍ പോലുമോ ഇല്ലാത്ത പദ്ധതിയാണിത്. കൊങ്കണ്‍ മോഡല്‍ പാലക്കാട് ഡിവിഷനില്‍ നടത്താനുള്ള റെയില്‍വേ ബോര്‍ഡിന്റെ നീക്കത്തിന്റെ ഭാഗമായി സര്‍വേ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ പാലക്കാട് ഡിവിഷനിലെ ആദ്യ റോറോ പദ്ധതി കണ്ണൂരില്‍ നടപ്പാക്കണമെന്നാണ് ആവശ്യം. നിലവില്‍ ടാറ്റയുടെ ചെറുകാറുകള്‍ റെയില്‍വേ വഴിയാണ് ഉത്തരമലബാറിലേക്കെത്തുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ വരെ ഗുഡ്‌ഷെഡിലേക്ക് വരികയാണ്. ശേഷം ഷോറൂമിലേക്ക് ഓടിച്ചുകൊണ്ടുപോവുകയാണ്. നേരത്തേ ചെറുകാറുകളുമായി പുറപ്പെടുന്ന 50 ലോറികളില്‍ ചുരുങ്ങിയത് മൂന്നോ നാലോ എണ്ണം അപകടത്തില്‍പ്പെടാറുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ മാത്രം 75 പ്ലൈവുഡ് ഫാക്ടറികളാണുള്ളത്. ബംഗളുരു, മദ്രാസ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി. റോറോ സംവിധാനം വരുന്നതോടെ മധ്യപ്രദേശ്, ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്ക് വിതരണം സാധ്യമാവും. കണ്ണൂരില്‍ നിന്നു ഈ മേഖലയിലേക്ക് പോവാന്‍ 65,000 രൂപയാണ് ലോറി വാടക.
റോറോ സംവിധാനത്തിലൂടെ കൃത്യമായ വിതരണം നടക്കുക വഴി സമയവും വാടകച്ചെലവും കുറയ്ക്കാനാവും. നിലവില്‍ 760 കിലോമീറ്റര്‍ ദൂരത്തേക്കുള്ള സര്‍വീസിന് റെയില്‍വേ 9000 രൂപയും സര്‍വീസ് ടാക്‌സുമാണ് ഈടാക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയനുസരിച്ച് നിരക്കില്‍ മാറ്റം വരും. 10 ടണ്‍ ആണ് അനുവദിച്ചിട്ടുള്ളത്. ചരക്കുകളുടെ ഉയരം മൂന്നരയില്‍ കൂടരുത്. ഒരു റാക്കില്‍ 50 ലോറികള്‍ വീതം രണ്ടോമൂന്നോ ദിവസത്തിനകം എത്തിക്കാം.
പ്ലൈവുഡ്, റബ്ബര്‍, കൈത്തറി, തുടങ്ങിയ വ കയറ്റുമതിയായും ടൈല്‍സ്, മാര്‍ബിള്‍, സ്റ്റീല്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഇറക്കുമതിയായും നിരവധി ട്രക്കുകളും ലോറികളുമാണ് ദിനംപ്രതി കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെത്തുന്നത്. ഇതുവഴിയുണ്ടാവുന്ന സമയനഷ്ടം, അപകടം, ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി റോറോ പദ്ധതി ഉപകാരപ്പെടുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
റെയില്‍വേ പാലക്കാട് സീനിയര്‍ ഡിവിഷനല്‍ കമേഴ്‌സ്യല്‍ മാനേജര്‍ ജെറിന്‍ ജി ആനന്ദ്, പാലക്കാട് ഡിവിഷന്‍ റെയില്‍വേ ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍മാരായ എ പി മണികണ്ഠന്‍, ബി പി ശ്യാംസുന്ദര്‍, എ ജയകൃഷ്ണന്‍, കമേഴ്‌സ്യല്‍ സൂപര്‍വൈസര്‍ കെ വി പ്രകാശന്‍, കണ്ണൂര്‍ ഡെപ്യൂട്ടി സ്‌റ്റേഷന്‍ മാനേജര്‍ എം കൃഷ്ണ്‍, ലോറി ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ സലീം, കണ്ണൂര്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ഭാസ്‌കരന്‍, പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എസ് മുഹമ്മദലി, ചേംബര്‍ പ്രസിഡന്റ് കെ ത്രിവിക്രമന്‍, അനില്‍കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it