Flash News

കണ്ണീര്‍വാതക ഷെല്‍ പതിച്ചത് വായില്‍; ജീവനു വേണ്ടി നെട്ടോട്ടമോടി യുവാവ്

ഗസ സിറ്റി: സമാധാനപരമായി ഫലസ്തീനികള്‍ നടത്തുന്ന സമരത്തിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നതാണ് കണ്ണീര്‍വാതക ഷെല്‍ വായില്‍ പതിച്ച് നെട്ടോട്ടമോടുന്ന യുവാവിന്റെ ഫോട്ടോ. വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തിനിടെ വായില്‍നിന്നും മൂക്കില്‍നിന്നും പുക പുറത്തേക്കു വമിക്കുന്ന നിലയില്‍ പരക്കം പായുന്ന യുവാവിന്റെ ചിത്രം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് പുറത്തുവിട്ടത്.
ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ചയില്‍ ആയിരത്തിലേറെ ഫലസ്തീനികളാണ് ഗസ അതിര്‍ത്തിയില്‍ പ്രതിേഷധവുമായി എത്തിയത്. സമരക്കാരെ നേരിടുന്നതിന് ഇസ്രായേല്‍ സൈന്യം കണ്ണീര്‍ വാതക ഷെല്ലുകള്‍ വര്‍ഷിച്ചു. ഇതിനിടയിലാണ് കല്ലേറു നടത്തിയ പ്രക്ഷോഭകരെ നോക്കിനില്‍ക്കുകയായിരുന്ന ഹയ്തം അബു സബ്‌ല (23)യുടെ മുഖത്ത് കണ്ണീര്‍ വാതക ഷെല്‍ പതിച്ചത്.
ഷെല്ലിന്റെ ഭാഗം വായ്ക്കുള്ളില്‍ കടന്ന് വായില്‍നിന്നും മൂക്കില്‍ നിന്നും കണ്ണീര്‍ വാതകം പുറത്തേക്കു വമിക്കുന്ന നിലയില്‍ പരക്കംപായുന്ന മനുഷ്യന്റെ ചിത്രമാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ക്ക് മുഖത്തും നെഞ്ചത്തും മാരകമായി പരിക്കേറ്റിട്ടുമുണ്ട്. റോയിട്ടര്‍ ഫോട്ടോഗ്രാഫര്‍ ഇബ്രാഹിം അബു മുസ്തഫയാണ് ചിത്രം പകര്‍ത്തിയത്.
കുഴഞ്ഞ് നിലത്തുവീണ അബു സബ്‌ലയെ വൈദ്യസംഘം ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഇയാളുടെ ശരീരത്തുനിന്ന് വാതക ഷെല്ലിന്റെ ഭാഗം നീക്കംചെയ്തതായി ഗസയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹയ്തമിന്റെ നില ഗുരുതരമായി തുടരുകയാണ്.
Next Story

RELATED STORIES

Share it