Articles

കണ്ണില്‍പ്പൊടിയിടല്‍ പരിപാടികള്‍

നവകേരള മിഷന്റെ പിന്നാമ്പുറം- 2     ഷാന്റോലാല്‍  

പെയ്യുന്ന മഴവെള്ളത്തെ ഭൂമിയില്‍ പിടിച്ചുനിര്‍ത്താനും ഭൂഗര്‍ഭത്തിലേക്ക് ആഴ്ന്നിറങ്ങാനും സഹായിക്കുന്നത് മേല്‍മണ്ണാണ്. ഈ മേല്‍മണ്ണിന്റെ നഷ്ടം ഭൂഗര്‍ഭ ജലശേഖരത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു ഘടകമാണ്. ശരാശരി 3000 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്ന വയനാട് ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടപ്രദേശത്ത് മഴക്കാലം കഴിഞ്ഞാല്‍ ഉടനെ വരള്‍ച്ച അനുഭവപ്പെടുന്നതിന്റെ കാരണം മണ്ണൊലിപ്പിലൂടെ ഉണ്ടാവുന്ന ജലനഷ്ടമാണ്. മണ്ണൊലിപ്പ് ജലനഷ്ടത്തിനും അതിലൂടെ ഉണ്ടാവുന്ന ജലനഷ്ടം വീണ്ടും മണ്ണൊലിപ്പിനും കാരണമാവും. ഇതു വര്‍ഷകാലത്ത് വെള്ളപ്പൊക്കവും വേനലില്‍ വരള്‍ച്ചയും സൃഷ്ടിക്കുന്നു. പക്ഷേ, ഇത് തടയുന്നതിന് 30 ശതമാനത്തില്‍ കൂടുതല്‍ ചരിവുള്ള പ്രദേശത്ത് വര്‍ഷാവര്‍ഷം മണ്ണിളക്കം ആവശ്യമില്ലാത്ത ദീര്‍ഘകാല വിളകള്‍ പ്രോല്‍സാഹിപ്പിക്കണമെന്ന നിര്‍ദേശത്തെ ഇവര്‍ നേരിട്ടത്, മലയോര കര്‍ഷകര്‍ക്ക് ഇനി ചേമ്പ്, കപ്പ, ഇഞ്ചി തുടങ്ങിയ വിളകള്‍ കൃഷി ചെയ്യാനേ കഴിയില്ലെന്ന നുണപ്രചാരണം അഴിച്ചുവിട്ടായിരുന്നു. ജലസംരക്ഷണത്തെപ്പറ്റി വാചാലരാവുന്നവര്‍ മണ്ണൊലിപ്പിനും ജലനഷ്ടത്തിനും കാരണമാവുന്ന കൃഷിരീതിയും വനനശീകരണം, സ്വകാര്യ തോട്ടങ്ങളില്‍ ഉള്‍പ്പെടെയുള്ള മരംമുറി, തേക്ക്, യൂക്കാലി, അക്കേഷ്യ തോട്ടങ്ങള്‍, കുഴല്‍ക്കിണറുകള്‍, പാറമടകള്‍, അന്തരീക്ഷ താപം വര്‍ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിട നിര്‍മാണം എന്നിവയൊക്കെ ഉയര്‍ത്തുന്ന ഭീഷണികള്‍ പഠിച്ച് ശാസ്ത്രീയമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. വനസമ്പത്ത് സംരക്ഷിക്കുന്നതിന് ഒട്ടേറെ നിര്‍ദേശങ്ങള്‍ ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവയ്ക്കുകയുണ്ടായി. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നതായിരുന്നു അതിലൊന്ന്. കൂടാതെ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കരുതെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. കുടിയൊഴിപ്പിക്കലിനെപ്പറ്റി എവിടെയും പരാമര്‍ശിക്കാതിരുന്ന റിപോര്‍ട്ട്, വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് കൊടുക്കാനുള്ള ഭൂമി ഉടനെ നല്‍കണമെന്നും പറഞ്ഞു. ഇങ്ങനെ പ്രകൃതിയും മനുഷ്യരും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുകയായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി. എന്നാല്‍, റിപോര്‍ട്ട് പശ്ചിമഘട്ടത്തിലെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ളതാണെന്ന പ്രചാരണമാണ് നടന്നത്. പശ്ചിമഘട്ടത്തിന്റെ മേഖല തിരിച്ചുള്ള പ്രദേശങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ പാടില്ലെന്നും മലിനീകരണത്തിനു കാരണമാവുന്ന റെഡ് കാറ്റഗറി ഇനത്തില്‍ പെടുന്ന വിഷവാതകങ്ങളും രാസപദാര്‍ഥങ്ങളും പുറംതള്ളുന്ന വ്യവസായങ്ങള്‍ അനുവദിക്കരുതെന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു ക്വാറികള്‍ നിര്‍ത്തലാക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.  സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ഗാഡ്ഗില്‍ റിപോര്‍ട്ടിനെതിരേ ഉറഞ്ഞുതുള്ളി. നിയമസഭയില്‍ ഗാഡ്ഗില്‍ റിപോര്‍ട്ടിനെതിരേ പ്രമേയം പാസായപ്പോള്‍ വളരെ അപൂര്‍വമായ ഒരു ഐക്യമാണ് അന്ന് കേരളം കണ്ടത്. അവര്‍ ഇപ്പോള്‍ നവകേരള മിഷനിലെ ഹരിത കേരളം പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രചാരകരായി ജനങ്ങളുടെ മുമ്പിലെത്തുന്നതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ട്. കേരളം ഇന്നു വരള്‍ച്ചയും മലിനീകരണവും ഉള്‍പ്പെടെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുകയും അതിനനുസരിച്ച് വലിയതോതില്‍ പരിസ്ഥിതി സമരങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്യുന്നുണ്ട്. പിണറായി വിജയന്‍ പറഞ്ഞതുപോലെ അതിവേഗ നഗരവല്‍ക്കരണത്തിന്റെയടക്കം സൃഷ്ടി തന്നെയാണിത്. എന്നാല്‍, ഈ അതിവേഗ നഗരവല്‍ക്കരണവും ജനവിരുദ്ധ വികസന നയങ്ങളും ആരുടെ സൃഷ്ടിയാണ്? എല്‍ഡിഎഫ് അത്തരം നഗരവല്‍ക്കരണ പരിപാടികളുമായി ബഹുദൂരം മുന്നോട്ടുപോവുകയും ചെയ്യുന്നു. വിദേശ ആശ്രിതത്വത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന തോട്ടം സമ്പദ്ഘടനയെ മാറ്റി, ആഗോള സാമ്രാജ്യത്വ സമ്പദ്ഘടനയ്ക്കകത്ത് കേരളത്തെ ഒരു സേവനകേന്ദ്രമായി പുനസ്സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ പല പദ്ധതികളും നടപ്പാക്കുന്നത്. കൊച്ചി മെട്രോ ഇതിന്റെ ഒരു പ്രതീകം മാത്രമാണ്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് എല്ലാ തരം സേവനങ്ങളം നല്‍കും.  ഇതിനെല്ലാം വേണ്ടുന്ന കടം വാങ്ങാനാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി). കിഫ്ബിയിലേക്ക് കാര്യമായ സാമ്പത്തിക ഒഴുക്ക് കണ്ടുതുടങ്ങിയിട്ടില്ലെങ്കിലും ഇങ്ങനെ സമാഹരിക്കുന്ന കടം എങ്ങനെ വീട്ടുമെന്നോ പലിശ തന്നെ കൊടുത്തുതീര്‍ക്കാന്‍ കഴിയുമോ എന്ന കാര്യവും അവിടെ നില്‍ക്കട്ടെ. ഈ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇനിയും വന്‍തോതില്‍ കല്ലും മണ്ണും മണലും ഉള്‍പ്പെടെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുമെന്നത് തീര്‍ച്ചയാണ്. ഇത് കേരളത്തില്‍ വരുത്തിവയ്ക്കാന്‍ പോവുന്നത് പതിന്‍മടങ്ങ് പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ്. മാത്രമല്ല, നമ്മുടെ സാമൂഹിക-സാംസ്‌കാരിക രംഗം കൂടുതല്‍ ജീര്‍ണമാവും. ഇത് ടൂറിസം പ്രോല്‍സാഹിപ്പിച്ച ലോകത്തിന്റെ വിവിധ നാടുകളിലെയും നമ്മുടെത്തന്നെ വിവിധ പ്രദേശങ്ങളിലെയും അനുഭവമാണ്. ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാരിനു കൂടുതല്‍ പ്രതിഷേധം നേരിടേണ്ടിവരും.  കേരളത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് അടിത്തറ പാകിയത് കൊളോണിയല്‍ തോട്ടവല്‍ക്കരണമാണ്. പശ്ചിമഘട്ട മലനിരകളിലാകെ ഭൂമിയുടെ കുത്തക സ്ഥാപിക്കുകയും മുതുവാന്‍മാര്‍ ഉള്‍പ്പെടെയുള്ള ആദിവാസി വിഭാഗങ്ങളെ ആട്ടിയോടിച്ചുമാണ് വിദേശികളും സ്വദേശികളും തോട്ടങ്ങള്‍ സ്ഥാപിച്ചത്. ഇവിടങ്ങളില്‍ നടന്ന വനനശീകരണം കേരളത്തെ ഗുരുതരമായി ബാധിച്ചു. കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണ നിയമം തോട്ടംഭൂമികളെ സ്പര്‍ശിച്ചില്ല. തോട്ടമാക്കി നിലനിര്‍ത്താമെന്ന് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഭൂമിയെയെല്ലാം ഭൂപരിഷ്‌കരണത്തില്‍ നിന്നൊഴിവാക്കി. തോട്ടംഭൂമിക്ക് ഭൂപരിധിയും നിശ്ചയിച്ചില്ല. അതുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ ചായത്തോട്ടം (കണ്ണന്‍ ദേവന്‍) ഭൂപരിഷ്‌കരണം നടന്ന കേരളത്തിലായത്. അതുകൊണ്ടാണ് കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയുള്ള ആയിരക്കണക്കിനു തോട്ടങ്ങള്‍ സംരക്ഷിക്കപ്പെട്ടത്. ഇതുകൊണ്ടൊക്കെത്തന്നെ കേരളത്തിന്റെ പരിസ്ഥിതിക്ക് ഏറ്റ ആഘാതം നിലനിര്‍ത്തുന്നതില്‍ ഭൂപരിഷ്‌കരണവും പങ്കുവഹിച്ചിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവരും. നെല്‍വയലുകളില്‍ തുണ്ടുവല്‍ക്കരണവും തോട്ടംഭൂമികളില്‍ ഭൂമിയുടെ ശക്തമായ കേന്ദ്രീകരണവും ആയിരുന്നു ഭൂപരിഷ്‌കരണത്തിന്റെ ഫലം. കൊളോണിയല്‍ ശക്തികള്‍ വെട്ടിത്തെളിച്ച വനഭൂമി തിരിച്ചുപിടിക്കുന്നതിന് ഭൂപരിഷ്‌കരണം ഒന്നും ചെയ്തതായി അറിവില്ല. കേരളത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് ആവശ്യമായത്ര ഭൂമി വനവല്‍ക്കരണത്തിനു വിട്ടുകൊടുക്കേണ്ടതുണ്ട്. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും ആദിവാസിഭൂമി ആദിവാസികള്‍ക്കും നല്‍കിക്കൊണ്ട് തോട്ടംഭൂമിയെ ഉള്‍പ്പെടുത്തി സമഗ്രവും ശാസ്ത്രീയവുമായ ഭൂപരിഷ്‌കരണമാണ് ഇതിന് ആവശ്യം. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി (ലൈഫ്) നടപ്പാക്കുന്നത് ഒരു വശം ശരി തന്നെ. എന്നാല്‍, നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന ആദിവാസികള്‍ അടക്കമുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ ഭൂപ്രശ്‌നത്തിനു നേരെ കണ്ണടയ്ക്കുന്നു എന്ന മറുവശം കൂടി ഇതിനുണ്ട്. ദരിദ്ര ജനവിഭാഗങ്ങളുടെ ഭൂപ്രശ്‌നത്തെ പാര്‍പ്പിടപ്രശ്‌നത്തിലേക്ക് ചുരുക്കുന്നു എന്നതാണ് ഇതിന്റെ പ്രശ്‌നം. വിമാനത്താവളങ്ങള്‍ക്കും ആറുവരിപ്പാതകള്‍ക്കും ഭൂമി കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് എന്തുകൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ല എന്ന ചോദ്യം ഈ സര്‍ക്കാര്‍ ആരുടെ താല്‍പര്യങ്ങളെയാണ് സംരക്ഷിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ്. കിടപ്പാടം പോരാ, കൃഷിഭൂമിയാണ് വേണ്ടതെന്ന ദരിദ്രരുടെയും ആദിവാസികളുടെയും ദശകങ്ങളായ ആവശ്യത്തിനു നേര്‍ക്കാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് കണ്ണടയ്ക്കുന്നത്. ആര്‍ദ്ര മിഷനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമെല്ലാം ഇത്തരത്തിലുള്ള കണ്ണില്‍പ്പൊടിയിടല്‍ മാത്രമാണെന്ന് വൈകാതെ നാം തിരിച്ചറിയും. ഇപ്പോള്‍ നടക്കുന്ന നഴ്‌സിങ് സമരം തന്നെ അത് കാട്ടിത്തരുന്നുണ്ട്. വിദ്യാഭ്യാസവും ആരോഗ്യവും ഇന്നു സര്‍ക്കാരിന്റെത്തന്നെ നല്ല വില്‍പനച്ചരക്കായി മാറിയിരിക്കുന്നു. നവലിബറല്‍ നയങ്ങള്‍ തകര്‍ത്തെറിഞ്ഞ വിദ്യാര്‍ഥിസമൂഹവും കൃഷിരീതികള്‍ രോഗാതുരമാക്കിയ ജനസമൂഹവും വലിയ സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ്. നവകേരളം രൂപപ്പെടുത്തുന്നതിനു ചൂഷകവര്‍ഗങ്ങള്‍ക്കെതിരായ വര്‍ഗസമരം എങ്ങനെയാണ് നടത്തുന്നതെന്ന് സിപിഎം പറയുന്നേയില്ല. പകരം നിക്ഷേപസൗഹൃദത്തെ പറ്റിയാണ് സംസാരിക്കുന്നത്. അതിന് ഉമ്മന്‍ചാണ്ടിയുടെത്തന്നെ അംഗീകാരം കിട്ടിയ സ്ഥിതിക്ക് നവകേരള മിഷന്റെ രാഷ്ട്രീയത്തെപ്പറ്റി യാതൊന്നും സംശയിക്കേണ്ടതില്ല. സാമ്രാജ്യത്വ ചൂഷണം മുറുകുമ്പോള്‍ ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ പണം പമ്പ് ചെയ്യണമെന്ന മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞനായ കെയിന്‍സിന്റെ പയറ്റി പരാജയപ്പെട്ട സിദ്ധാന്തം തന്നെയാണ് കേരള പഠന കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ അവിടെ രൂപപ്പെടുത്തിയ നവകേരള മിഷന്‍, നവലിബറല്‍ നയങ്ങളുടെ പദ്ധതികളും പ്രയോഗരീതിയുമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറയാന്‍ കഴിയും. നീതിപൂര്‍വവും സ്ഥായിയുമായ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കല്ല ഇത് ഉപകരിക്കുക. മറിച്ച്, ഇപ്പോള്‍ തന്നെ ഏങ്കോണിപ്പുള്ള കേരള സമ്പദ്ഘടനയെ കൂടുതല്‍ വിദേശ മൂലധനത്തിന്റെ ആശ്രിതത്വത്തിന് അടിമപ്പെടുത്തുകയായിരിക്കും ഫലം.                                             ി(അവസാനിച്ചു)
Next Story

RELATED STORIES

Share it