Kollam Local

കണ്ണാട്ടുകുടി ശ്രീ മഹാദേവി ക്ഷേത്രത്തില്‍ കവര്‍ച്ച; സ്വര്‍ണവും പണവും കവര്‍ന്നു

ചവറ: നീണ്ടകര കണ്ണാട്ടുകുടി ശ്രീ മഹാദേവി ക്ഷേത്രത്തില്‍ കവര്‍ച്ച.
ശ്രീകോവില്‍ കുത്തിത്തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണാഭരണങ്ങള്‍, ഭക്തര്‍ കാണിക്കയായി നല്‍കിയ സ്വര്‍ണ പൊട്ട്, താലി എന്നിവ കവര്‍ന്നു. ക്ഷേത്ര കൊടിമരം, ഗണപതി കോവില്‍ എന്നിവയ്ക്ക് മുന്നിലെ വഞ്ചികള്‍ തകര്‍ത്തും പണം കവര്‍ന്നു. രശീതി കൗണ്ടറിന്റെ വാതില്‍ തകര്‍ത്ത് കംപ്യൂട്ടറുകള്‍ നശിപ്പിച്ചു.
ശ്രീകോവിലിനുള്ളിലുണ്ടായിരുന്ന ശീവേലിക്കുപയോഗിക്കുന്ന പഞ്ചലോഹമെന്ന് കരുതുന്ന ചെറിയ വിഗ്രഹവും ഭക്തര്‍ നേര്‍ച്ചയായി നല്‍കിയ സ്വര്‍ണം പൂശിയ വാളും നഷ്ടമായതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
മാസം തോറും തുറക്കുന്ന വഞ്ചികള്‍ തുറക്കാനിരിക്കെയാണ് പണം കവര്‍ന്നത്. നാലു പവനോളം ആഭരണങ്ങള്‍ നഷ്ടമായതായാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സുരക്ഷാ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ 1.15ന് പിന്‍ വശത്തെ മതില്‍ ചാടിക്കടന്നാണ് മോഷ്ടാവ് എത്തിയത്. പുലര്‍ച്ചെ 3.50 വരെ മോഷ്ടാവ് ക്ഷേത്രവളപ്പിലുണ്ടായിരുന്നതായും ദൃശ്യങ്ങളിലുണ്ട്. കൈക്കോടാലി  ഉപയോഗിച്ചാണ് മോഷ്ടാവ് വഞ്ചികളും വാതിലുകളും തകര്‍ത്തത്. ക്ഷേത്ര ശ്രീകാര്യക്കാരന്‍ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയപ്പോള്‍ വഞ്ചി തകര്‍ന്ന് കിടക്കുന്നത് കണ്ടാണ് മോഷണവിവരം അറിയുന്നത്. ഉടനെ ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്ര അധികൃതരുടെ പരാതിയില്‍ കരുനാഗപ്പള്ളി എസിപി എസ് ശിവപ്രസാദ്, ചവറ എസ്എച്ച്ഒ ബി ഗോപകുമാര്‍,  എസ്‌ഐ ജയകുമാര്‍ എന്നിവരെത്തി ക്ഷേത്ര പരിസരവും സുരക്ഷാ കാമറാ ദൃശ്യങ്ങളും പരിശോധിച്ചു.  കൈലിയും ഷര്‍ട്ടും ധരിച്ച് തല മറച്ചയാളാണ് മോഷ്ടാവെന്ന് ദൃശ്യത്തിലുണ്ട്. കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ദര്‍,  ഡോഗ് സ്‌ക്വാഡ് എന്നിവരെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it