palakkad local

കണ്ണമ്പ്രയില്‍ ജൈവ കുത്തരിമില്ല് യാഥാര്‍ഥ്യമായി

പാലക്കാട്: ജൈവകൃഷിയും മാലിന്യ സംസ്‌ക്കരണവും സംയോജിപ്പിച്ചുള്ള കാര്‍ഷിക നയം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റേയും സംയുക്ത സംരംഭമായ കണ്ണമ്പ്ര ജൈവ കുത്തരി ഉല്‍പാദനമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്-കൃഷി വകുപ്പ്-കര്‍ഷകര്‍ എന്നിവര്‍ ചേര്‍ന്ന് കീടനാശിനി രഹിതമായ നെല്ലില്‍ നിന്നുമാണ് ജൈവ കുത്തരി വിപണിയിലെത്തിക്കുന്നത്. പഞ്ചായത്തിലെ ചേറുംകോട്-പന്നിക്കോട് പാടശേഖരങ്ങളിലെ എഴുപതോളം ഹെക്ടറിലാണ് ജൈവ രീതിയില്‍ കൃഷി ചെയ്തത്. ഈ വര്‍ഷം 140 ഹെക്ടറില്‍ കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. ആധുനിക യന്ത്രസംവിധാനങ്ങളാണ് മില്ലിലുള്ളത്.
ഹരിത കേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ജൈവകൃഷി പ്രോല്‍സാഹനവും മാലിന്യ സംസ്‌ക്കരണവും ഏകോപിപ്പിച്ചാല്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന കാര്‍ഷിക നയം സൃഷ്ടിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. നെല്‍കൃഷി വര്‍ധിപ്പിക്കുന്നതിലൂടെ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനാവും.
കഴിഞ്ഞ വര്‍ഷം നെല്ല് സംഭരണത്തിനായി 525 കോടിയും തരിശ് ഭൂമിയില്‍ കൃഷിയിറക്കുന്നതിനായി 12 കോടിയും ചെലവിട്ടു. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുന്നതിനാണ് നെല്ല് സംഭരണം സഹകരണ മേഖലയ്ക്ക് കൈമാറിയത്.
നെല്ലില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ആറാംതൊടിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി രജിമോന്‍ അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്തംഗം മീനാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വനജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്—സണ്‍ കെ സുലോചന, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ചെന്താമരാക്ഷന്‍, വി സ്വാമിനാഥന്‍, ജോഷി ഗംഗാധരന്‍, കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ പി ഉഷ, അസി.ഡയറക്ടര്‍ ലാലിമ ജോര്‍ജ്, കൃഷി ഓഫിസര്‍ മഞ്ജുഷ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ മുരളീധരന്‍, പാടശേഖര സമിതി സെക്രട്ടറി സുധാമന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it