കണ്ഡമാല്‍ കലാപം: നായിഡു കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

ഭുവനേശ്വര്‍: 2008ലെ കണ്ഡമാല്‍ വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എ എസ് നായിഡു കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. രണ്ട് ഭാഗങ്ങളായുളള റിപോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതായി കമ്മീഷന്‍ സെക്രട്ടറി എ കെ പട്‌നായിക് അറിയിച്ചു. കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും വെളിപ്പെടുത്താന്‍ പട്‌നായിക് തയ്യാറായില്ല. എന്നാല്‍ 825 സത്യവാങ്മൂലങ്ങള്‍ കമ്മീഷനു മുമ്പാകെ സമര്‍പ്പിക്കപ്പെട്ടതായും 300 സാക്ഷിമൊഴികള്‍ രേഖപെടുത്തിയതായും അദ്ദേഹം അറിയിച്ചു.
ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയിലും സമീപ പ്രദേശങ്ങളിലും നടന്ന വര്‍ഗീയ കലാപം അന്വേഷിക്കാന്‍ 2008 സപ്തംബര്‍ 8നാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയും അദ്ദേഹത്തിന്റെ നാല് അനുയായികളും ചകപഥ ആശ്രമത്തില്‍ വച്ച് 2008 ആഗസ്ത് 28ന് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വര്‍ഗീയ കലാപം പൊട്ടിപുറപെട്ടത്. കലാപത്തില്‍ 38 പേര്‍ മരിച്ചു. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ മൃതദേഹം വഹിച്ചുളള വിലാപയാത്രയ്ക്കിടെയാണ് അക്രമം തുടങ്ങിയത്. സ്വാമിയുടെ കൊലപാതകത്തിനു പിന്നില്‍ ക്രൈസ്തവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വീടുകള്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് 25,000 ക്രൈസ്തവര്‍ പലായനം ചെയ്തു. ലക്ഷ്മണാനന്ദയുടെ കൊലപാതകവും വര്‍ഗീയ കലാപവും അന്വേഷിക്കാന്‍ ജസ്റ്റിസ് ശരത് വന്ദ്ര മഹാപത്ര അധ്യക്ഷനായ കമ്മീഷനെ ആദ്യം നിയോഗിച്ചിരുന്നു. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പ് 2012ല്‍ മഹാപത്ര അന്തരിച്ചു. ഇതെ തുടര്‍ന്നാണ് എ എസ് നായിഡു കമ്മീഷനെ നിയോഗിച്ചത്.
Next Story

RELATED STORIES

Share it