കണിക്കൊന്നകള്‍ പൂത്തുലയട്ടെ ഹൃദയത്തിലും

കണിക്കൊന്നകള്‍ പൂത്തുലയട്ടെ ഹൃദയത്തിലും
X




റഫീഖ് റമദാന്‍

മലയാളമാസം മേടം ഒന്നിന് ആഘോഷിക്കുന്ന വിഷു ഇക്കൊല്ലം മേടം രണ്ടിനാണ്. വിഷു ആദിദ്രാവിഡാഘോഷങ്ങളില്‍ പെട്ട ഒരു ഉത്സവമാണ്. പലരും കരുതുന്നപോലെ ഇതിന് ഓണവുമായി ബന്ധമില്ല. മത്സ്യമാംസാഹാരാദികള്‍ വര്‍ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമതസിദ്ധാന്തങ്ങള്‍ക്ക് ചേരുന്നതാണെങ്കില്‍ വിഷു അതിന് കടകവിരുദ്ധമാണ്. നമ്മുടെ നാട്ടിലെ ആദിമനിവാസികളായ ദ്രാവിഡര്‍ മാംസാഹാരികളായിരുന്നു എന്നറിയാമല്ലോ. വേട്ടയാടി ജീവിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളിലും നിഴലിക്കുന്നു. അതിനാല്‍ ഓണത്തേക്കാള്‍ പഴക്കമുള്ള ആഘോഷമാണ് വിഷു എന്ന് പറയാം.
അതേസമയം ഓണവും കേരളത്തിന്റെ വിളവെടുപ്പുത്സവമാണ്. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുക്കണിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.
കേരളത്തിലെ കാര്‍ഷികോത്സവമായ വിഷു നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇതുപോലെ വിളവെടുപ്പുല്‍സവങ്ങളുണ്ട്. ഈ വിശേഷദിവസങ്ങള്‍ പണ്ടുമുതലേ ആഘോഷിച്ചു വരുന്നതുകൊണ്ടാവാം സംഘകാലത്തെ പതിറ്റുപത്ത് എന്ന കൃതിയില്‍ ഇതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.
നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. തന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതെന്നും ഇതാണ് വിഷുവായി ആഘോഷിക്കുന്നതെന്നുമുള്ള മറ്റൊരു വിശ്വാസവും നിലവിലുണ്ട്.
കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെ ള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്‍മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും നാളികേരപാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. നമ്മുടെ സംസ്ഥാന മരമായ കണിക്കൊന്നയുടെ പൂക്കള്‍ വിഷുവിനു നിര്‍ബന്ധമാണ്. വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നയെപ്പറ്റി പുരാണങ്ങളില്‍ പറയുന്നത്. എന്നാല്‍ ഈ മരം വിഷുക്കാലത്ത് പൂക്കുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചരിത്രകാര•ാര്‍ കരുതുന്നു. ചിലയിടങ്ങളില്‍ കുറിക്കൂട്ടും ഗ്രന്ഥവും വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വയ്ക്കാറുണ്ട്.
പ്രായമായ സ്ത്രീ രാത്രി കണിയൊരുക്കി ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നു കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം. അതിനു ശേഷം ഫലവൃക്ഷങ്ങളേയും വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.
കണി കണ്ടശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നത്. പ്രായമായവര്‍ പ്രായത്തില്‍ കുറവുള്ളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത്.
വിഷുവിന് നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു വിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടായിരിക്കും. എരിശ്ശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞി സദ്യയാണ് പ്രധാനം. എന്നാല്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്.
വിഷുവിന്റെ തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുകയുമാണ് ഇതിന്റെ ഉദ്ദേശ്യം. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഇത് വിഷുനാളിലും കാലത്ത് കണികണ്ട ശേഷവും വൈകീട്ടും തുടരുന്നു.
ഇത്തവണ കശ്മീരിലെ പിഞ്ചു പെണ്‍കുട്ടിയെ ഒരുകൂട്ടം കശ്മലര്‍ കൊന്നുതിന്ന വ്യഥയുമായാണ് നാം വിഷു ആഘോഷിക്കുന്നത്. ഇത്തരം മനുഷ്യത്വമില്ലാത്ത നരകാസുരന്‍മാരെ നിഗ്രഹിക്കാന്‍ നമുക്ക് ഒന്നിക്കാം. പൊട്ടിക്കുന്ന ഓരോ പടക്കവും വംശീയതക്കെതിരേ മുഴങ്ങട്ടെ. വിഷുപ്പക്ഷി പാടട്ടെ. മതമൈത്രിയുടെയും സൗഹൃദത്തിന്റെയും കണിക്കൊന്നകള്‍ പൂത്തുലയട്ടെ ഹൃദയങ്ങളില്‍. എല്ലാവര്‍ക്കും വിഷു ആശംസകള്‍!
Next Story

RELATED STORIES

Share it