Cricket

കണക്കുവീട്ടി ശ്രീലങ്ക; ഇന്ത്യയുടെ യുവനിരക്ക് തോല്‍വിത്തുടക്കം

കണക്കുവീട്ടി ശ്രീലങ്ക; ഇന്ത്യയുടെ യുവനിരക്ക് തോല്‍വിത്തുടക്കം
X



കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. ആതിഥേയരായ ശ്രീലങ്ക അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയ വിജയം അക്കൗണ്ടിലാക്കുകയായിരുന്നു.  കുശാല്‍ പെരേരയുടെയും (66) തിസാരെ പെരേരയുടെയും (22*) ബാറ്റിങാണ് ലങ്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ (0) നായകന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. അധികം വൈകാതെ സുരേഷ് റെയ്‌നയും (1) മടങ്ങിയപ്പോള്‍ ഇന്ത്യ രണ്ട് ഓവറില്‍ രണ്ട് വിക്കറ്റിന് ഒമ്പത് റണ്‍സെന്ന മോശം അവസ്ഥയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ശിഖര്‍ ധവാനും (90) മനീഷ് പാണ്ഡെയും (37) ചേര്‍ന്ന് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. പാണ്ഡ്യക്ക് ശേഷം ക്രീസിലെത്തിയ റിഷഭ് പാന്തിന് പക്ഷേ 23 പന്തില്‍ 23 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഒരു വശത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ധവാന്‍ 49 പന്തില്‍ ആറ് വീതം സിക്‌സറും ഫോറും പറത്തിയാണ് അര്‍ധ സെഞ്ച്വറി നേടിയത്. അവസാന ഓവറില്‍ ആഞ്ഞടിച്ച ദിനേഷ് കാര്‍ത്തികാണ് (13) ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 174 എന്ന സ്‌കോറിലേക്കെത്തിച്ചത്. വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും അഭാവം നിറഞ്ഞ് നില്‍ക്കുന്ന ബാറ്റിങായിരുന്നു ഇന്ത്യയുടേത്.
മറുപടി ബാറ്റിങിനിറങ്ങിയ ലങ്കയ്ക്ക് തുടക്കത്തിലേ തന്നെ കുശാല്‍ മെന്‍ഡിസിനെ (11) നഷ്ടമായി. എന്നാല്‍ ഒരു വശത്ത് തല്ലിത്തകര്‍ത്ത് കളിച്ച കുശാല്‍ പെരേര ലങ്കയെ അതിവേഗം വിജയത്തിലേക്കടുപ്പിക്കുകയായിരുന്നു. 37 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും പറത്തിയായിരുന്നു കുശാല്‍ പെരേരയുടെ പ്രകടനം. ദിനേഷ് ചണ്ഡിമാലിനെയും (14) ഉപുല്‍ തരംഗയേയും (17) മടക്കി യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച തിസാരെ പെരേര ലങ്കയ്ക്ക് വിജയ സമ്മാനിക്കുകയായിരുന്നു. 10 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും പായിച്ചാണ് തിസാരെ പെരേര പുറത്താവാതെ നിന്നത്. ഇന്ത്യക്കുവേണ്ടി വാഷിങ്ടണ്‍ സുന്ദറും ചാഹലും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ജയദേവ് ഉനദ്ഘട്ട് ഒരു വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it