Alappuzha local

കഠ്‌വ സംഭവം സംഘപരിവാരത്തിന്റെ ഫാഷിസ്റ്റ് ഭീകരത: ആര്‍ രാജേഷ് എംഎല്‍എ

കായംകുളം: ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി ബാലികയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ മതേതര മുഖം വികൃതമാക്കിയെന്നും സംഭവത്തിലൂടെ സംഘപരിവാറിന്റെ ഫാഷിസ്റ്റ് ഭീകരമുഖമാണ് വെളിവാക്കുന്നതെന്നും ആര്‍ രാജേഷ് എംഎല്‍എ. കേരള മുസ്്‌ലിം യുവജന ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി കായംകുളത്ത് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി ഭരണത്തില്‍ ഇന്ത്യയില്‍ ഗോരക്ഷയുടെ മറവില്‍ ജനങ്ങളെ തല്ലികൊല്ലുന്ന ഫാഷിസ്റ്റ് ഭീകരതയുടെ മറ്റൊരു മുഖമാണ് രാജ്യത്തെ പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഠ്‌വ സംഭവം കൂടാതെ ഉന്നോവയിലും ഗുജറാത്തിലും ഹരിയാനയിലും സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് രാജ്യത്തിന് തീരാ കളങ്കമാണ്. രാജ്യത്തിന്റെ ജുഡീഷ്യറിയെയും ഭരണഘടനയെയും നിയമവാഴ്ചകളെയും നോക്കികുത്തികളാക്കി സംഘപരിവാര്‍ ഫാഷിസം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
കഠ്‌വ സംഭവത്തിലെ പിഞ്ചുബാലികയ്ക്ക് നീതി ലഭിക്കും വരെ രാജ്യത്തെ പോരാട്ടം തുടരണമെന്നും കുറ്റവാളികള്‍ക്ക് നിയമപരമായ പരമാവധി ശിക്ഷ ലഭിക്കണമെന്നും,
ഫാഷിസ്റ്റ് വെല്ലുവിളികളെ മാനവിക ഐക്യത്തിലൂടെ ചെറുക്കണമെന്നും രാജേഷ് എംഎല്‍എ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്കുട്ടി റഷാദി അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍, ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ്, ഡികെഎല്‍എം ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജലാലുദ്ദീന്‍ മൗലവി, കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എച്ച് ബഷീര്‍കുട്ടി, സിയാദ് മണ്ണാമുറി, എസ് കെ നസീര്‍, അഡ്വ. ഒ ഹാരിസ്, സിദ്ധീഖ് മൗലവി, നാസറുദ്ദീന്‍ മന്നാനി, മുഹമ്മദ് ഫൈസല്‍, കബീര്‍ മുസ്്‌ല്യാര്‍, സജീര്‍ കുന്നുകണ്ടം, ഡോ. താഹ, പൂക്കുഞ്ഞ് കോട്ടപ്പുറം, ഡോ. അഭിലാഷ് താഹ, മുക്താര്‍ അഹമ്മദ്, മുബാറക്ക് ബേക്കര്‍, അബ്ദുല്‍ റഷീദ് ഹസനി, അനീര്‍ മുസ്്‌ല്യാര്‍, ഹനീഫ മൗലവി, ഫസലുല്‍ റഹ്മാന്‍ വടുതല സംസാരിച്ചു.
Next Story

RELATED STORIES

Share it