കഠ്‌വ: റിപോര്‍ട്ടില്‍ കുട്ടിയുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തി, മാധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ്‌വയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ കുട്ടിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയ മാധ്യമ സ്ഥാപനങ്ങള്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച കോടതി നോട്ടീസ് അയച്ചിരുന്നു. പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും കുട്ടിയുടെ പേരു വിവരങ്ങളും ചിത്രവും പ്രസിദ്ധീകരിച്ചുവെന്നതിനെ തുടര്‍ന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് സ്വമേധയാ കേസെടുത്തായിരുന്നു നോട്ടീസ് അയച്ചത്.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, റിപബ്ലിക് ടിവി, സിഎന്‍എന്‍ ന്യൂസ് 18, ഡക്കാന്‍ ക്രോണിക്കിള്‍, ഇന്ത്യ ടിവി,  ഹിന്ദുസ്ഥാന്‍ ടൈംസ്, എന്‍ഡിടിവി, ദ ഹിന്ദു, ദ വീക്ക്  അടക്കം 12 മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. ഇതേത്തുടര്‍ന്ന്, ഇന്നലെ മാധ്യമ സ്ഥാപനങ്ങള്‍ കോടതി മുമ്പാകെ മാപ്പു പറഞ്ഞെങ്കിലും പത്തു ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു. ഈ തുക ഇരയുടെ കുടുംബത്തിന് ഗുണം ലഭിക്കുന്ന തരത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ നഷ്ടപരിഹാര ഫണ്ടിലേക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. പീഡനകേസിലെ ഇരയെ തിരിച്ചറിയുന്ന തരത്തില്‍ പേരോ ചിത്രമോ പ്രസിദ്ധീകരിക്കുന്നത് ആറു മാസം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് കോടതി ഓര്‍മിപ്പിച്ചു.
ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവരുടെ സ്വാകാര്യത സംബന്ധിച്ച നിയമത്തിന് വിപുലമായ പ്രചാരണം നല്‍കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍, മരിച്ചുപോയ കുട്ടിയുടെ പേരു നല്‍കുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണയും നിയമത്തിലെ അജ്ഞതയും മൂലമാണ് തെറ്റ് സംഭവിച്ചതെന്നാണ് മാധ്യമ സ്ഥാപനങ്ങള്‍ വിശദീകരിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 228എയിലെ ഒന്നാം വകുപ്പ് പ്രകാരം ലൈംഗിക പീഡനത്തിന് ഇരയായ വ്യക്തിയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കേസ് ഈ മാസം 25ന് പരിഗണിക്കാനായി മാറ്റി.
Next Story

RELATED STORIES

Share it