Flash News

കഠ്‌വ: ബാലികയെ പീഡിപ്പിച്ചത് അബോധാവസ്ഥയില്‍;വന്‍തോതില്‍ മയക്കുമരുന്ന് നല്‍കിയെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

ജമ്മു/ന്യൂഡല്‍ഹി: ഈ വര്‍ഷമാദ്യം കഠ്‌വയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയെ പീഡനത്തിനു മുമ്പ് വന്‍തോതില്‍ മയക്കുമരുന്ന് കുടിപ്പിക്കുകയും അബോധാവസ്ഥയിലാക്കുകയും ചെയ്തിരുന്നുവെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ കേസന്വേഷിക്കുന്ന ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ച് പോലിസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലങ്ങളിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന മന്നാര്‍ എന്ന കഞ്ചാവും എപിത്രില്‍ തുടങ്ങിയ ടാബ്‌ലറ്റുകളുമാണ് പ്രതികള്‍ പെണ്‍കുട്ടിയെക്കൊണ്ട് കഴിപ്പിച്ചത്. പീഡനവാര്‍ത്ത കെട്ടുകഥയാണെന്നും ദിവസങ്ങളോളമുള്ള പീഡനം യാഥാര്‍ഥ്യമായിരുന്നുവെങ്കില്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ പുറത്തേക്ക് കേള്‍ക്കുമായിരുന്നുവെന്നും പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. പ്രതികളെ അനുകൂലിക്കുന്നവര്‍ ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേ വാദം കേസ് വിചാരണയില്‍ പ്രതികള്‍ ഉന്നയിക്കാനിടയുണ്ടെന്ന് മനസ്സിലാക്കിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത്.
ടാബ്‌ലറ്റിലെ ക്ലോണാസെപാം എന്ന രാസവസ്തു അമിത അളവില്‍ നല്‍കിയതോടെ പെണ്‍കുട്ടി അനങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാവുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. രോഗിയുടെ പ്രായവും ഭാരവും പരിശോധിച്ചശേഷം വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രം നല്‍കുന്ന മരുന്നാണിത്. ഒഴിഞ്ഞ വയറ്റില്‍ ഈ മരുന്ന് കഴിക്കേണ്ടിവന്ന ബാലിക അനുഭവിച്ച വേദന കഠിനമായിരിക്കുമെന്നും റിപോര്‍ട്ട് പറയുന്നു. മരുന്ന് നല്‍കിയതോടെ ആദ്യം മയക്കത്തിലേക്കും പിന്നെ ചുറ്റിലുമുള്ളതൊന്നും തിരിച്ചറിയാന്‍ പറ്റാത്ത കോമ അവസ്ഥയിലും എത്തിയിട്ടുണ്ടാവും. ഇങ്ങനെ കുട്ടിയെ മരിച്ചതിനു തുല്യമാക്കിയശേഷമായിരുന്നു പീഡനം. കേസിന്റെ വാദം നടക്കുന്ന പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയില്‍ അടുത്തയാഴ്ച ഫോറന്‍സിക് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരി പത്തിനാണ് ജമ്മുവിലെ നാടോടി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനകത്തു ക്രൂരപീഡനത്തിന് ഇരയാക്കിയത്. ജനുവരി 14ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം 17നാണ് കണ്ടെടുത്തത്. ക്ഷേത്ര പൂജാരി സഞ്ജി റാം, മകന്‍ വിഷാല്‍, ഇവരുടെ ബന്ധു തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. അന്വേഷണത്തിനിടെ നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച എസ്‌ഐ ആനന്ദ് ദുത്തയും ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക് രാജും കേസില്‍ പ്രതികളാണ്. പ്രതികള്‍ക്കു വേണ്ടി ജമ്മുകശ്മീരിലെ ബിജെപി മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it