കഠ്‌വ ബലാല്‍സംഗ കൊല: സാക്ഷികള്‍ക്കു സംരക്ഷണം നല്‍കണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ നാലു പോലിസുകാരടക്കം എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ക്കു സംരക്ഷണം നല്‍കണമെന്നാവശ്യപ്പെടുള്ള ഹരജി സുപ്രിംകോടതി തള്ളി.
തങ്ങളെ സംസ്ഥാന പോലിസും ക്രൈംബ്രാഞ്ചും പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കേസിലെ മൂന്നു സാക്ഷികള്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
പോലിസ് മര്‍ദിക്കുന്നതായി ആരോപിച്ച് ഈ മാസം 14നാണ് ഹരജിക്കാരായ സാഹില്‍ ശര്‍മ, സച്ചിന്‍ ശര്‍മ, നീരജ് ശര്‍മ എന്നിവര്‍ക്കു വേണ്ടി അഭിഭാഷകനായ രവി ശര്‍മ സുപ്രിംകോടതിയെ സമീപിച്ചത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ അഗ്രികള്‍ച്ചര്‍ കോളജില്‍ ബിരുദവിദ്യാര്‍ഥികളായ ഹരജിക്കാര്‍ കേസിലെ പ്രധാന പ്രതിയായ വിഷാല്‍ ജംഗോത്രയുടെ സഹപാഠികളാണ്.
ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ പോലിസ് പീഡനം സംബന്ധിച്ച ആരോപണം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍, അന്വേഷണം വഴിതെറ്റിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നും കോടതിയെ അറിയിച്ചു. എന്നാല്‍, ജമ്മുകശ്മീര്‍ പോലിസിനെതിരായ ആരോപണങ്ങള്‍ക്ക് മറുപടി അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇതോടെയാണ് സാക്ഷികള്‍ക്ക് ഇപ്പോള്‍ സംരക്ഷണം നല്‍കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it