kozhikode local

കഠ്‌വ പെണ്‍കുട്ടിക്ക് ആദരാഞ്ജലിയായി 'ആര്‍ട്ട് ഓഫ് ദി ഹാര്‍ട്ട്'

കോഴിക്കോട്: സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ കലയിലൂടെ പ്രതിരോധം തീര്‍ക്കുകയാണ് ദില്‍ന ഷെറിന്‍ പി പി എന്ന കൊച്ചുമിടുക്കി. മഞ്ചേരി പൂക്കളത്തൂര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ദില്‍നയുടെ പതിമൂന്നാമത്തെ ചിത്രപദര്‍ശനമായ 'ആര്‍ട്ട് ഓഫ് ദി  ഹാര്‍ട്ട്'”ജമ്മു കാശ്മീരിലെ കഠ്‌വയില്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് കൊണ്ടാണ്.
ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ അഞ്ച് ദിവസം നീണ്ട്‌നില്‍ക്കുന്ന ചിത്രപ്രദര്‍ശനം കോഴിക്കോട് വിജിലന്‍സ് എസ്പി  ഉമ ബെഹറ  ഉദ്ഘാടനം ചെയ്തു. സൗമ്യയെയും ജിഷയെയും നിര്‍ഭയയെയുമെല്ലാം കാഴ്ചക്കാരുടെ ഓര്‍മകളിലേക്ക് വീണ്ടുമെത്തിക്കുകയാണ് ഈ കൊച്ചു ചിത്രകാരി. പ്രകൃതിയുടെ ഭാവവ്യത്യാസങ്ങളും ദില്‍നയുടെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നു. ചെറുപ്പം മുതല്‍ വരച്ച് തുടങ്ങിയ ഈ മിടുക്കി മലപ്പുറം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലായിരുന്നു തന്റെ ആദ്യ ചിത്രപ്രദര്‍ശനം നടത്തിയത്.
പിന്നീട് ചൈല്‍ഡ് ലൈന് വേണ്ടിയും വിവിധ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും വേണ്ടിയും ചിത്ര പ്രദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള, ചൈല്‍ഡ് പ്രൊട്ടക്ഷന്റെ “ഒപ്പം കുട്ടികള്‍ക്കൊപ്പം” പദ്ധതി , മഞ്ചേരി പോളി ടെകനിക് കലോല്‍സവം തുടങ്ങിയവയ്ക്ക് ലോഗോ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ലോകാ ഇന്നര്‍വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ പുരസ്‌കാരം (2017), കലാ ശ്രേഷ്ഠ പുരസ്‌കാരം(2017), എന്നീ പുരസ്‌കാരങ്ങള്‍ ദില്‍നയെ തേടിയെത്തി. ചിത്രകലയില്‍ മാത്രമല്ല, കായികയിനങ്ങളിലും ദില്‍ന കഴിവ് തെളിയിച്ചിട്ടുണ്ട്.
2015ലെ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 100മീറ്ററില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. അബ്ദുല്ല-സലീന ദമ്പതികളുടെ മകളാണ്. ഒമ്പതാം ക്ലാസില്‍ പടിക്കുന്ന അജ്മല്‍ ഖാനാണ് സഹോദരന്‍. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ തന്റെ ചിത്രങ്ങളിലൂടെ ആസ്വാദകരിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് ദില്‍ന പറഞ്ഞു.
Next Story

RELATED STORIES

Share it