കഠ്‌വ പീഡനക്കേസ്പുനരന്വേഷണം ആവശ്യപ്പെട്ട പ്രതികളുടെ ഹരജി തള്ളി

ന്യൂഡല്‍ഹി: കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തില്‍ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി സുപ്രിംകോടതി തള്ളി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹരജിയില്‍ ഇടപെടാനാവില്ലെന്നും വേണമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ യു യു ലളിതും ഡി വൈ ചന്ദ്ര ചൂഡും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹരജി തള്ളിയത്.
രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അന്വേഷണം നിര്‍ത്തിവച്ച് കേസ് പുനരന്വേഷിക്കുക, കേസ് സിബിഐക്കോ മറ്റു സ്വതന്ത്ര ഏജന്‍സിക്കോ വിടുക എന്നീ ആവശ്യങ്ങളടങ്ങിയ രണ്ടു ഹരജികളാണ് ഇന്നലെ കോടതി പരിഗണിച്ചത്. ക്രൈംബ്രാഞ്ച് നല്ല നിലയില്‍ അന്വേഷിച്ചുവരുന്ന ഈ കേസ് മറ്റൊരു ഏജന്‍സിക്കു വിടേണ്ട കാര്യമെന്താണെന്നും കോടതി ചോദിച്ചു. കേസില്‍ സിബിഐ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
ബാലികയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല മുസ്‌ലിം നാടോടി സമുദായത്തെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിനായി റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജിറാമാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍, പോലിസുകാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, ആനന്ദ് ദത്ത, തിലക് രാജ് നാട്ടുകാരായ പര്‍വേശ് കുമാര്‍, എന്നിവരാണ് മറ്റു പ്രതികള്‍.

Next Story

RELATED STORIES

Share it