കടുവാ സങ്കേതത്തിനുള്ളിലെ സ്വകാര്യ തോട്ടം ഏറ്റെടുക്കാന്‍ നടപടി തുടങ്ങി

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ സ്വകാര്യ തോട്ടം ഏറ്റെടുക്കാനുള്ള നടപടികള്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ഊര്‍ജിതപ്പെടുത്തി. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ കാതല്‍ മേഖലയ്ക്കുള്ളിലാണ് ഡൗണ്‍ടൗണ്‍ എസ്‌റ്റേറ്റ് (പച്ചക്കാനം എസ്‌റ്റേറ്റ്) സ്ഥിതിചെയ്യുന്നത്.
പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതിലോല മേഖലയിലുള്ള 500 ഏക്കറോളം വരുന്ന ഈ ഭൂമി സഹോദരന്‍മാര്‍ ഉള്‍പ്പെടെ ഏഴുപേരുടെ കൈവശമാണ് ഉള്ളത്.
വനമേഖലയുടെയും വന്യജീവികളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി കടുവാ സങ്കേതത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ എസ്‌റ്റേറ്റ് ഏറ്റെടുക്കണമെന്ന നിര്‍ദേശം വര്‍ഷങ്ങള്‍ക്കു മുമ്പേ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമകളും കേന്ദ്രസര്‍ക്കാരും ദേശീയ കടുവാ സംരക്ഷണ അതോറിറ്റി അധികൃതരും തമ്മില്‍ പല തവണ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. മുമ്പ് ഏലത്തോട്ടം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ തോട്ടമുടമകള്‍ ഇപ്പോള്‍ വാണിജ്യവിനോദ കേന്ദ്രം നടത്തുകയാണ്.
ഇതോടെ, പ്രതിവര്‍ഷം പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളാണ് വന്നുപോവുന്നത്. ഇത് നിത്യഹരിത പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാത്രമല്ല, വ്യാപകമായ മരംമുറിയും ഭൂമി തുണ്ടുതുണ്ടായി വില്‍ക്കുന്നതും ഒഴിവാക്കാന്‍ ഏറ്റെടുക്കല്‍ ആവശ്യമാണെന്നും തോട്ടം സംബന്ധിച്ചു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ഇക്കാര്യങ്ങള്‍ ഒഴിവാക്കാന്‍ വള്ളക്കടവ് റേഞ്ചില്‍ ഉള്‍പ്പെട്ട പച്ചക്കാനം ഡൗണ്‍ടൗണ്‍ എസ്‌റ്റേറ്റ് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍, ഈ തോട്ടത്തിനു വില നിശ്ചയിച്ചു നല്‍കേണ്ടത് റവന്യൂ വകുപ്പാണ്. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പ് അലംഭാവം കാട്ടുന്നതാണ് ഏറ്റെടുക്കല്‍ വൈകുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
മുമ്പ് പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. അമിത് മല്ലിക്കാണ് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍. ഇക്കാര്യത്തിലുള്ള ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ താല്‍പര്യമാണ് ഉന്നത ഉേദ്യാഗസ്ഥരുടെ സന്ദര്‍ശനലക്ഷ്യമെന്നാണ് വിവരം.

Next Story

RELATED STORIES

Share it