Kottayam Local

കടുത്തുരുത്തി റസ്റ്റ് ഹൗസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി



കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്തുരുത്തിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച റസ്റ്റ് ഹൗസ് എത്രയും പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചു. റസ്റ്റ് ഹൗസ് തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ജീവനക്കാരെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ നിയമിക്കണമെന്ന് നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അഡ്വ. മോന്‍സ് ജോസഫ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ മറുപടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് കടുത്തുരുത്തി റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ചുകിടക്കുന്ന റസ്റ്റ് ഹൗസ് ഒരുവര്‍ഷത്തിലധികമായി ഉപയോഗിക്കാന്‍ പറ്റാതെ കിടക്കുകയാണ്. ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. കോട്ടയത്തിനും എറണാകുളത്തിനുമിടയില്‍ മെച്ചപ്പെട്ട നിലവാരത്തില്‍ നിര്‍മിച്ച കടുത്തുരുത്തി റസ്റ്റ് ഹൗസ് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഏറ്റവും ഉപകാരപ്രദമാണ്. എല്ലാ മുറികളും ഉപയോഗിക്കാന്‍ കഴിയുന്ന നിലയില്‍ പ്രവര്‍ത്തനസജ്ജമായിരിക്കുന്ന റസ്റ്റ് ഹൗസ് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതുമൂലം പൊതുമുതല്‍ ജീര്‍ണാവസ്ഥയിലാവുന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it