Alappuzha local

കടല്‍ ക്ഷോഭത്തിലെ നാശനഷ്ടം : സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം ശക്തം



അമ്പലപ്പുഴ: കടല്‍ക്ഷോഭത്തിനും തല്‍ഫലമായ നാശ നഷ്ടങ്ങള്‍ക്കും കാലങ്ങളായി ഇരയാകുന്ന തീരദേശവാസികളോട് സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥക്കെതിരേ പ്രതിഷേധം ശക്തം. കടലേറ്റത്തില്‍ വീടുകള്‍ നഷ്ടപ്പെടുന്നത് അധികാരികളുടെ അനാസ്ഥ മൂലമാണെന്നും  പുനരധിവാസ ക്യാംപുകളിലേക്ക് തങ്ങള്‍പോകില്ലെന്നും തീരവാസികള്‍ പറയുന്നു. കടല്‍ഭിത്തി സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതു കൊണ്ടാണ് കടല്‍ക്ഷോഭം മൂലമുള്ള നാശനഷ്ടങ്ങള്‍  കൂടാന്‍കാരണമെന്ന്് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. പല ഭാഗങ്ങളിലും കടല്‍ ഭിത്തി തകര്‍ന്നിരിക്കുകയാണ്. കൂടാതെ വിവിധ ഭാഗങ്ങളിലായി 600 മീറ്ററോളം കടല്‍ഭിത്തി ഇല്ല. ഒരു വര്‍ഷം മുന്‍പ് ഇറിഗേഷന്‍ വകുപ്പ് എസ്റ്റിമേറ്റെടുത്തെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഒരാഴ്ചയായി അമ്പലപ്പുഴ, നീര്‍ക്കുന്നം, വാടയ്ക്കല്‍ ഭാഗങ്ങളില്‍ കടലേറ്റം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ കടലേറ്റത്തില്‍ രണ്ടുവീടുകള്‍ പൂര്‍ണമായും തകരുകയും 40 ഓളം വീടുകള്‍ വാസയോഗ്യമല്ലാതെയുമായി നീര്‍ക്കുന്നം പുതുവലില്‍ ശരത്, ഗീത എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. വാടയ്ക്കലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. അധികൃതരെ അറിയിച്ചിട്ടും എത്താത്തതിനെ തുടര്‍ന്ന് തീരദേശപാത ഒരു മണിക്കൂറോളം മത്സ്യതൊഴിലാളികള്‍ ഉപരോധിച്ചു. ആലപ്പുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സിന്റെ യൂനിറ്റെത്തി വെള്ളം പമ്പു ചെയ്തു നീക്കി. കടല്‍ക്ഷോഭത്തില്‍ സര്‍വതും നഷ്ടപ്പെട്ട നൂറോളം കുടുംബങ്ങള്‍ ഇപ്പോഴും വണ്ടാനം ശിശുവിഹാര്‍, പുറക്കാട് കരിനിലവികസന ഏജന്‍സി ഓഫീസ്, റെയില്‍വെ പുറമ്പോക്ക്, ബന്ധു ഗൃഹങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുകയാണ്. ഇവരുടെ പുനരധിവാസം എങ്ങും എത്തിയിട്ടില്ല. ഇക്കാരണത്താലാണ് തങ്ങള്‍ ഇനി പുനരധിവാസ ക്യാംപിലേക്കില്ലെന്ന് മല്‍സ്യതൊഴിലാളികള്‍ പറയുന്നത്. കടല്‍ ഭിത്തിയുടെ അറ്റകുറ്റപണി ഉടന്‍ നടത്തണമെന്നും ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ ഭിത്തി കെട്ടി മല്‍സ്യതൊഴിലാളികളോടുള്ള സര്‍ക്കാരിന്റെയും അധികൃതരുടെയും അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്  ജനപ്രതിനിധികള്‍ ഇന്നലെ കലക്ടറേറ്റ് വളപ്പിലെ ഗാന്ധിപ്രതിമക്കു മുന്‍പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എആര്‍ കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യുഎം കബീര്‍, റോസ് ദലീമ, പുറക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ശശികാന്തന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എന്‍ ഷിനോയ്, എസ് രാജേശ്വരി, സജി മാത്തേരി, പി. പ്രസാദ്, ആര്‍. സജിമോന്‍ എന്നിവരാണ് ഗാന്ധി പ്രതിമക്കു മുന്‍പില്‍ പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് എഡിഎം, തിരുവനന്തപുരത്തുണ്ടായിരുന്ന ആലപ്പുഴ ജില്ലാ കലക്ടറുമായും, ഇറിഗേഷന്റെയും, ഫിഷറീസിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായും ടെലിഫോണില്‍ ചര്‍ച്ച നടത്തി. അമ്പലപ്പുഴയുടെ തീരദേശം സംരക്ഷിക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എഡിഎം, ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ സമരം ചെയ്ത ജനപ്രതിനിധികളെ നേരിട്ടെത്തി അറിയിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കാമെന്നും, ക്യാംപില്‍ കഴിയുന്ന ദുരിതബാധിതര്‍ക്ക് വീടും സ്ഥലവും ലഭ്യമാക്കുന്ന നടപടി വേഗത്തിലാക്കാമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെതുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനപ്രതിനിധകള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it