kannur local

കടല്‍ഭിത്തി നിര്‍മാണം: തലശ്ശേരിയില്‍ വീണ്ടും തര്‍ക്കം

തലശ്ശേരി: കടല്‍പാലം മുതല്‍ ജവഹര്‍ഘട്ട് വരെയുള്ള ഭാഗത്ത് കടലോര സംരക്ഷണ ഭിത്തി കെട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തെച്ചൊല്ലി വീണ്ടും തര്‍ക്കം. മണല്‍തിട്ട നീക്കി കുഴിയെടുക്കുന്ന പ്രവൃത്തി പ്രദേശത്തെ മല്‍സ്യബന്ധന, കല്ലുമ്മക്കായ തൊഴിലാളികള്‍ തടഞ്ഞു. ഇത് ജലസേചന വകുപ്പ് അധികൃതരും തൊഴിലാളികളും തമ്മില്‍ ചെറിയ തോതില്‍ വാക്കേറ്റത്തിന് കാരണമായി. മല്‍സ്യത്തൊഴിലാളികളുടെ എതിര്‍പ്പ് നിലനില്‍ക്കെ സംരക്ഷണഭിത്തി കെട്ടാനുള്ള പ്രവൃത്തിയുമായി മുന്നോട്ടുപോവുകയാണ് അധികൃതര്‍.
എന്നാല്‍, തങ്ങളെ വഴിയാധാരമാക്കുന്ന നിര്‍മാണം അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി മല്‍സ്യത്തൊഴിലാളികള്‍ രംഗത്തത്തിയിരുന്നു. കടല്‍ഭിത്തി കെട്ടുക വഴി തീരത്തേക്ക് അടുക്കുന്ന തിരമാലകളുടെ തീവ്രത വര്‍ധിക്കുമെന്നും അതിനാല്‍ ജനറല്‍ ആശുപത്രിക്ക് പിറകിലെ സ്വാഭാവിക മണല്‍തിട്ട നിലനിര്‍ത്തണമെന്നുമാണ് ആവശ്യം. ഗോപാലപേട്ട ഇന്ദിര പാര്‍ക്ക് മുതല്‍ കടല്‍പാലം വരെ ഭിത്തി നിര്‍മിച്ച ഭാഗത്ത് കടലാക്രമണത്തിന്റെ രൂക്ഷത വര്‍ധിച്ചിട്ടുണ്ട്.
അതിനിടെ, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി നിര്‍ദേശിക്കുന്ന ജിയോ ട്യൂബ് പദ്ധതി തലശ്ശേരിയിലും നടപ്പാക്കണമെന്ന ആവശ്യം ശക്തമായി. കൊല്ലം, ആലപ്പുഴ ഉള്‍പ്പെടെ കേരളത്തിലെ പല തീരങ്ങളിലും ജലസേചന വകുപ്പ് തന്നെ വിജയകരമായി പരീക്ഷിച്ച മാര്‍ഗമാണിത്.
കരിങ്കല്‍ഭിത്തി കെട്ടുന്നതിനുള്ള പ്രതിസന്ധികളെ എളുപ്പത്തില്‍ പരിഹരിക്കുന്നതിന് സഹായകമാവും ജിയോ ട്യൂബ് ഉപയോഗിച്ചുള്ള മാതൃക. കടലേറ്റം നേരിടുന്നതിന് ഭിത്തിക്ക് പകരം സ്ഥാപിക്കുന്ന നൂതന സംവിധാനമാണിത്.
ജിയോ ഫാബ്രിക് ഫില്‍ട്ടര്‍ വിരിച്ച ശേഷം മണല്‍ നിറച്ച ജിയോ ട്യൂബുകളാണ് ഭിത്തിയായി ഉയര്‍ത്തുക. നാലു മീറ്റര്‍ വരെ നീളവും വ്യാസവുമുള്ള ട്യൂബില്‍ ഉയര്‍ന്ന മര്‍ദത്തില്‍ മണല്‍ അടിച്ചുകയറ്റിയാണ് ട്യൂബ് ഒരുക്കുന്നത്. കടല്‍ഭിത്തി പോലെയാണ് ഇതു സ്ഥാപിക്കുക. തിരമാലകള്‍ അടിച്ചുകയറിയാലും മണലുമായി ചേര്‍ന്ന് ഇത് പാറ പോലെ ഉറച്ചുനില്‍ക്കും.
മൂന്നുവര്‍ഷത്തേക്കെങ്കിലും ഇവ തകരാറില്ലാതെ നിലനില്‍ക്കും. ഭിത്തി കെട്ടാന്‍ കല്ല് കിട്ടാത്തതും ഓരോ വര്‍ഷവും കെട്ടുന്ന കല്ലുകള്‍ വേഗം ഒഴുകിപ്പോവുന്നതും മല്‍സ്യബന്ധനത്തിനു തടസ്സമാവുന്നതും ഉള്‍പ്പെടെയുള്ള പ്രശ്്‌നങ്ങള്‍ ഇതുവഴി പരിഹരിക്കാനാവും.
തിരമാലകളെ പ്രതിരോധിക്കാന്‍ അടിയന്തരമായി എന്ത് ചെയ്യണമെന്നുള്ള ആലോചനയില്‍ നിന്നാണ് ജിയോ ട്യൂബുകള്‍ ഉപയോഗിച്ചുള്ള ഭിത്തി നിര്‍മാണത്തിലേക്ക് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി എത്തിയത്.
Next Story

RELATED STORIES

Share it