kozhikode local

കടല്‍ത്തീരത്ത് സൈറണ്‍ മുഴങ്ങാന്‍ ദിവസങ്ങള്‍

വടകര: കടല്‍വ്യാപാര പ്രതാപത്തിന്റെ ഓര്‍മകളാണ് വടകര താഴെഅങ്ങാടിയുടെ തീരദേശത്തുള്ളത്. ആ പ്രതാപകാലത്തെ നഷ്ടമായെന്ന് കരുതിയ വടകരയില്‍ വീണ്ടും കപ്പലിന്റെ സൈറണ്‍ വിളി മുഴങ്ങുന്നത് കേള്‍ക്കാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടതില്ല. പുതുതായി നിര്‍മ്മിച്ച വടകര പോര്‍ട്ട് ഓഫീസിന്റെ ഉദ്ഘാടനം 26ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.
തുറമുഖം വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് നാട് വരവേറ്റത്. എന്നാല്‍, പദ്ധതി പ്രവത്തനം തടസപെടുന്നത് കാണുമ്പോള്‍ നാട്ടുകാര്‍ക്ക് നിരാശരായിരുന്നു. എന്നാല്‍ പുതിയ പോര്‍ട്ട് ഓഫീസ് കെട്ടിടം യാഥാര്‍ത്ഥ്യമായതിന്റെ ആശ്വാസമാണിപ്പോള്‍ നാട്ടുകാര്‍ക്കുള്ളത്. സംസ്ഥാനത്ത് ആരംഭിക്കുന്ന പത്ത് ചെറുകിട വാണിജ്യതുറമുഖങ്ങളില്‍ ഒന്നാണ് വടകരയില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
2012 ലാണ് തുറമുഖത്തിന് തുടക്കം കുറിക്കാന്‍ കേരള സര്‍ക്കാര്‍ 1,83,29,100 രൂപയുടെ എസ്റ്റിമേറ്റ് തയ്യറാക്കിയത്. പ്രാരംഭഘട്ടത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ പണിയുന്നതിനായാണ് പദ്ധതിയിട്ടത്. ആദ്യഘട്ടമായി 67,99,800 രൂപ അനുവദിച്ചു. ഇതുപ്രകാരം കൊച്ചിയിലെ കിറ്റ്‌കോക്കിനായിരുന്നു നിര്‍മ്മാണ ചുമതല. എന്നാല്‍ പിന്നീട് മൂന്ന് നില കെട്ടിടം എന്നത് ഒരുനിലയില്‍ ഒതുങ്ങി. ഇതിന്റെ തന്നെ നിര്‍മ്മാണം പലതവണയായി മുടങ്ങിയിരുന്നു.
നേരത്തെ പ്രഖ്യാപിച്ചത് കണക്കാക്കിയാല്‍ 2013ല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. 1960കളിലും ഇവിടെ തുറമുഖ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍, നിര്‍മ്മാണം കടല്‍പ്പാലത്തിലൊതുങ്ങി. ഈ പദ്ധതിയുടെ സമാന അനുഭവം തന്നെയാണ് പുതിയ പദ്ധതിയെ കാത്തിരിക്കുന്നതെന്നായിരുന്നു പൊതുവായി ഉയര്‍ന്ന വിമര്‍ശനം.
പഴയകാലത്ത് വടകര മേഖലയിലെ ചരക്കുനീക്കം നടന്നത് കടല്‍ മാര്‍ഗമായിരുന്നു. അതുകൊണ്ട് തന്നെ, താഴെഅങ്ങാടി കടപ്പുറത്തിന് പതിറ്റാണ്ടുകള്‍ നീണ്ട ചരക്കുനീക്കത്തിന്റെയും കച്ചവടത്തിന്റെയും കഥ പറയാനുണ്ട്. ചരക്കുനീക്കത്തിന് ലോറിയുള്‍പ്പെടെയുള്ള മറ്റു മാര്‍ഗങ്ങള്‍ വന്നതോടെ താഴെഅങ്ങാടിയുടെ പ്രതാപകാലം ഓര്‍മ്മകളില്‍ മാത്രമായി.
ഏറെക്കാലത്തെ പരിമശ്രത്തിന് ശേഷമാണ് തുറമുഖം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി വടകരയെ തെരഞ്ഞെടുത്തത്. ജലഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത പുതിയ നടപടിയുടെ ഭാഗമായാണ് പോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചത്. ഗതാഗതകുരുക്കം ചരക്കുനീക്കത്തിന്റെ ചെലവ് വലിയതോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ജലഗതാഗതമെന്ന ചിന്ത ശക്തമായത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തെ പ്രധാന തുറമുഖ കേന്ദ്രമായിരുന്ന വടകര താഴെഅങ്ങാടിയില്‍ നിന്നാണ് വയനാടുകളില്‍ നിന്നും മറ്റും പല രാജ്യങ്ങളിലേക്ക് വിവിധയിനം സാധനങ്ങള്‍ കയറ്റിയയച്ചിരുന്നത്. പിന്നീട് 1970 കളോടെ ജലഗതാഗതം അനാദായകരമാവുകയും റെയില്‍, റോഡ് വഴിയുള്ള ചരക്കു നീക്കം വ്യാപകമാവുകയും ചെയ്തതോടെ തുറമുഖത്തിന്റെയും തുറമുഖത്തോട് ചേര്‍ന്ന അങ്ങാടിയുടെയും കച്ചവട പ്രതാപം നഷ്ടപ്പെടുകയായിരുന്നു.
ഈ പോര്‍ട്ട് ഓഫീസ് വരുന്നതോടെ ആ പഴയകാല പ്രതാപം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പോര്‍ട്ട് ഓഫീസ് ഉദ്ഘാടനത്തിന് മുന്നോടിയായി 21ന് സ്വാഗതസംഘ രൂപീകരണ യോഗം നടക്കുമെന്ന് പോര്‍ട്ട് ഓഫീസ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it