thrissur local

കടല്‍ക്ഷോഭം ശമിച്ചു; തീരദേശ മേഖലയില്‍ വെള്ളക്കെട്ട് തുടരുന്നു

ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയില്‍ ദിവസങ്ങളായിത്തുടരുന്ന ശക്തമായ കടലേറ്റത്തിന് ശമനമായെങ്കിലും കടലോരമേഖലയിലുള്‍പ്പെടെ പലയിടത്തും വെള്ളക്കെട്ട് ഇപ്പോഴും തുടരുന്നു. കടപ്പുറം പഞ്ചായത്തില്‍ കടലേറ്റം രൂക്ഷമായ ഇടങ്ങളില്‍ വീടുകള്‍ക്കു ചുറ്റിലുമുള്ള വെള്ളക്കെട്ടൊഴിവാക്കാന്‍ അഗ്‌നിശമനസേന മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നത് കഴിഞ്ഞ ദിവസവും തുടര്‍ന്നു.
വെള്ളക്കെട്ടുള്ള ഇടങ്ങളില്‍നിന്ന് കടലിലേക്ക് വെള്ളം പമ്പുചെയ്താണ് അഗ്‌നിശമനസേന വെള്ളം വറ്റിച്ചത്. മുനയ്ക്കക്കടവുമുതല്‍ അഞ്ചങ്ങാടിവരെയുള്ള കടലോരമേഖലയില്‍ നിരവധി വീടുകള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്തമഴ ഈ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാക്കി. തീരദേശറോഡിന് കിഴക്കുഭാഗത്തെ വീടുകള്‍ക്കുചുറ്റും വെള്ളക്കെട്ട് രൂക്ഷമാണ്. റോഡിന് പടിഞ്ഞാറുഭാഗത്തെ വീടുകളില്‍ ചിലയിടങ്ങളില്‍ വെള്ളക്കെട്ടൊഴിവായെങ്കിലും ചെളി കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധിപോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവെയ്ക്കുമോ എന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയില്‍ ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
തിരയടിച്ച് വീടിനകത്തു വെള്ളം കയറിയതിനാല്‍ പല വീടുകള്‍ക്കുള്ളിലും ചെളിയും മണലും നിറഞ്ഞ നിലയിലായിരുന്നു.
ഇത് ശുചീകരിക്കുന്ന തിരക്കിലാണ് വീട്ടുകാര്‍. കടലോരമേഖലക്കുപുറമേ ചാവക്കാട് ടൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും കനത്തമഴയില്‍ വെള്ളക്കെട്ടുണ്ടായി. ചാവക്കാട് ഓവുങ്ങല്‍ പേരകം റോഡ്, കിഴക്കേ ബൈപ്പാസ് ജംഗ്ഷന് സമീപം ഏനാമാവ് റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. കാന കവിഞ്ഞ് വെള്ളം റോഡില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു പലയിടത്തും.
കടപ്പുറം പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഏതാനും ദിവസങ്ങളായി വെള്ളക്കെട്ടിലാണ്. എടക്കഴിയൂര്‍ ഖാദിരിയ്യ, ഹൈസ്‌കൂള്‍ പ്രദേശം എന്നിവിടങ്ങളിലും വ്യാപകമായി വെള്ളക്കെട്ടുണ്ടായി. പുന്നയൂര്‍ പഞ്ചായത്തിലെ 10, 12, 13, 14 വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് അടിയന്തര ധനസഹായവും സൗജന്യറേഷനും അനുവദിക്കണമെന്ന് സഹൃദയ എടക്കഴിയൂര്‍ അടിയന്തിരയോഗം അധികൃതരോട് ആവശ്യപ്പെട്ടു. എം സി മുസ്തഫ അധ്യക്ഷനായി.
Next Story

RELATED STORIES

Share it