thrissur local

കടല്‍ക്ഷോഭം; നിരവധി വീടുകളില്‍ വെള്ളം കയറി

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ കടല്‍ ക്ഷോഭം. പഞ്ചായത്തിലെ അഴിമുഖം, മുനക്കകടവ്, വെളിച്ചെണ്ണപ്പടി, മൂസാറോഡ്, അഞ്ചങ്ങാടി വളവ്, ആശുപത്രിപ്പടി, നോളീറോഡ്, തൊട്ടാപ്പ് മേഖലകളിലാണ് ഇന്നലെ ഉച്ചയോടെ കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. മൂസാറോഡ് മേഖലയില്‍ കടല്‍വെള്ളം റോഡ് കരകവിഞ്ഞൊഴുകി. പലയിടങ്ങളിലും വെള്ളം വീടുകളിലേക്ക് കയറി. വീടിനു ചുറ്റും ചെളിവെള്ളം കെട്ടി നില്‍ക്കുന്നതു മൂലം വീട്ടുകാര്‍ ദുരിതത്തിലാണ് കഴിയുന്നത്. കരിങ്കല്‍ ഭിത്തി തകര്‍ന്ന ഭാഗങ്ങളിലാണ് കടല്‍ ക്ഷോഭം ശക്തമായത്.
12 മണിയോടു കൂടി പുറംകടലില്‍ അനുഭവപ്പെട്ട വന്‍തിരമാലയുടെ ഉയരം കണ്ടതോടെ ലൈറ്റ് ഹൗസ് ഭാഗത്ത് കയറ്റിവെച്ചിരുന്ന മല്‍സ്യബന്ധന ഫൈബര്‍ വള്ളങ്ങള്‍, വലകളും മറ്റും മല്‍സ്യത്തൊഴിലാളികള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ചേറ്റുവ അഴിയുടെ വടക്ക് ഭാഗത്തുള്ള ക്ഷേത്രം തുടങ്ങി അഴിമുഖം ഭാഗത്ത് ഒട്ടേറെ വീടും, കടകളും വെള്ളത്താല്‍ ചുറ്റപ്പെട്ടു.
മുനക്കകടവ് ഇക്ബാല്‍ നഗറിന് നേരെ കടല്‍ഭിത്തി കെട്ടിയത് താഴ്ന്നത് മൂലം ആ ഭാഗത്തേക്ക് വെള്ളം അടിച്ചു കയറി. മുനക്കകടവ് ഭാഗത്ത് ഇരുപതോളം വീടുകള്‍ക്ക് ചുറ്റും ശക്തിയായ വെള്ളക്കെട്ട് അനുഭവപ്പെടുകയും ചില വീടുകളിലേക്കും വെള്ളം കയറിയത് മൂലം വീട്ടുപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. മൂസാ റോഡ് ഭാഗത്ത്  തിരമാല അടിച്ച് കയറി അഹമ്മദ് ഗുരുക്കള്‍ റോഡിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ആ പ്രദേശത്തെ പാര്‍ട്ടി ഓഫിസും കോഴിക്കടയും  ചായക്കടയിലും വെള്ളം കയറി.
അഞ്ചങ്ങാടി വളവിലെ അഞ്ചോളം വീടുകള്‍ക്കു ചുറ്റും ഹുസൈന്‍ ആന്റ് കമ്പനി എന്ന ഹോള്‍സെയില്‍ കടയുടെ മുന്‍ ഭാഗത്തും വെള്ളം കെട്ടിനില്‍ക്കുകയാണ്. ആഴ്ചകള്‍ക്കു മുമ്പും മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടിരുന്നു. കരിങ്കല്‍ ഭിത്തി തകര്‍ന്ന ഭാഗങ്ങളില്‍ ഭിത്തി നിര്‍മിക്കണമെന്ന്  നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും എംഎല്‍എ അടക്കമുള്ളവര്‍ യാതൊരു നടപടികളും കൈകൊള്ളുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്.
Next Story

RELATED STORIES

Share it