kozhikode local

കടയുടമയുടെ സുഹൃത്തെന്ന് പരിചയപ്പെടുത്തി തട്ടിപ്പ്; കള്ളന്റെ ഫോട്ടോ കാമറയില്‍ പതിഞ്ഞു

മുക്കം: കടയുടമയുടെ സുഹൃത്തെന്ന വ്യാജേന കടകളിലെത്തി പണം പറ്റിച്ചു മുങ്ങുന്ന കള്ളന്റെ ദൃശ്യം സിസിടിവിയില്‍ കുടുങ്ങി. മലപ്പുറം മേല്‍മുറിയിലെ ഫ്രൂട്‌സ് കടയില്‍ നിന്നും പണം തട്ടി മുങ്ങുന്ന ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. ഇതോടെ സമാനമായ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും നാട്ടുകാരും.കഴിഞ്ഞയാഴ്ച കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ്‌റോഡ് റ്റാറ്റിബസാര്‍ പവര്‍വേള്‍ഡ് ഓണ്‍ലൈന്‍ഷോപ്പില്‍ നിന്നും 4500 രൂപയാണ് അടിച്ചുമാറ്റിയത്. ഇന്നലെ മേല്‍മുറി 27ലെ വഴിയോര ഫ്രൂട്‌സ് കടയില്‍ നിന്നും 4000 രൂപയും പറ്റിച്ചു. കറുത്ത പള്‍സര്‍ ബൈക്കിലെത്തിയ മോഷ്ടാവ് കടയിലെ സ്റ്റാഫിന്റെ കൈയില്‍ നിന്നും മൊബൈല്‍ നമ്പര്‍ വാങ്ങി തന്റെ മൊബൈലില്‍ നിന്നും കടയുടമയെ വിളിക്കുന്നതായി അഭിനയിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഗോതമ്പറോഡിലെ ഷോപ്പിലെത്തി കടയുടമയുടെ പരിചയക്കാരനെന്ന രീതിയില്‍ പേര് പറഞ്ഞ് അന്വേഷിക്കുകയും അടുത്ത ഷോപ്പില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍, നമ്പര്‍ തന്നാല്‍ മതിയെന്നു പറഞ്ഞ് ഫോണില്‍ സംസാരിക്കുന്നതായി ഭാവിച്ചു. തനിക്ക് 4500 രൂപ നല്‍കാന്‍ പറഞ്ഞതായി പറഞ്ഞു. കാശ് കൈക്കലാക്കി ഫോണ്‍ കട്ടുചെയ്യാതെ കള്ളന്‍ കൂളായി പള്‍സറില്‍ കയറി സ്ഥലം വിട്ടു. പന്തികേടു തോന്നിയ ജീവനക്കാരന്‍ ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്തു. കടയുടമയെ വിവരം ധരിപ്പിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. ഉടന്‍ മുക്കം പോലിസില്‍ പരാതി നല്‍കി. എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി. അന്വേഷണസംഘം ബൈക്കുടമയെ തേടി ബാലുശ്ശേരിയിലെത്തിയപ്പോഴാണ് അത് വ്യാജ നമ്പറാണെന്ന് ബോധ്യപ്പെട്ടത്. മേല്‍മുറിയില്‍ സിസിടിവിയില്‍ കുടുങ്ങിയ അതേ മോഷ്ടാവ് തന്നെയാണ് ഗോതമ്പറോഡിലെ ഷോപ്പിലും തട്ടിപ്പുനടത്തിയതെന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തസ്‌കരന്‍ സ്ഥലം കാലിയാക്കിയ ശേഷമാണ് പലര്‍ക്കും അമളി ബോധ്യപ്പെടുക.
Next Story

RELATED STORIES

Share it