കഞ്ചിക്കോട് കോച്ച് ഫാക്ടറി: കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു; എ കെ ആന്റണി

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കോച്ച് ഫാക്ടറിയുടെ കാര്യത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ ഡല്‍ഹിയിലെ റെയില്‍ ഭവന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പൊതു ആവശ്യമാണെന്ന നിലയില്‍ കോച്ച് ഫാക്ടറി നേടിയെടുക്കുന്നതിനായി എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി നില്‍ക്കുകയായിരുന്നു വേണ്ടതെന്നും എ കെ ആന്റണി പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുന്നതിനെതിരേ എല്‍ഡിഎഫ് എംപിമാര്‍ മാത്രമായി നടത്തിയ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത് ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ എന്തൊക്കെ തര്‍ക്കങ്ങളുണ്ടെങ്കിലും ഡല്‍ഹിയിലെത്തിയാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് തങ്ങളുടെ നിലപാട്.
കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്രം വാഗ്ദാനലംഘനം നടത്തുകയാണ്. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയത്തിനെതിരേ എംപിമാര്‍ ധര്‍ണ നടത്തേണ്ട അവസ്ഥയാണെന്നും ആന്റണി പറഞ്ഞു.
പാലക്കാട് കോച്ച് ഫാക്ടറിയേക്കാള്‍ റായ്ബറേലി കോച്ച് ഫാക്ടറിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നു യുപിഎ സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. ആരോപണം വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ ചിറ്റമ്മനയം കൈക്കൊള്ളുകയാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു കൊടും ചതിയാണ് കേരളത്തിനുണ്ടായത്. കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നയത്തിനെതിരേ ശക്തമായ സമരത്തിന് യുഡിഎഫ് നേതൃത്വം നല്‍കുമെന്നും ഇതൊരു സൂചനാ സമരം മാത്രമാണെന്നും ആന്റണി പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിച്ചില്ലെങ്കില്‍ പ്രതിഷേധം ആളിപ്പടരുമെന്നു മുസ്‌ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബിജെപിക്ക് സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട എംപിമാരില്ലാത്തതിന്റെ പ്രതികാരമാണ് കേന്ദ്ര നടപടിയെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം ഐ ഷാനവാസ്, എം കെ രാഘവന്‍, കെ വി തോമസേ്, ആന്റോ ആന്റണി പങ്കെടുത്തു.
Next Story

RELATED STORIES

Share it