Alappuzha local

കഞ്ചാവ് വില്‍പനയ്‌ക്കെതിരേ നിലപാട് എടുത്തതിന്റെ പ്രതികാരമെന്ന് സംശയം

അമ്പലപ്പുഴ: വീട്ടില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിയനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.പുന്നപ്ര എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മൂന്നു ദിവസങ്ങള്‍ മുമ്പാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുറവന്‍തോട് കൊച്ചുപറമ്പില്‍ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍ കണ്ടത്. വീടിനോട് ചേര്‍ന്ന് നിര്‍മിച്ച കാര്‍ ഷെഡില്‍ പാര്‍ക്കു ചെയ്തിരുന്ന റിറ്റ്‌സ് കാര്‍, രണ്ട് ബൈക്കുകള്‍, രണ്ട് സ്‌കൂട്ടറുകള്‍ എന്നിവയാണ് പുലര്‍ച്ചെ രണ്ടരയോടെ കത്തിയത്.വീട്ടിലുണ്ടായിരുന്നവര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ വാഹനങ്ങള്‍ കത്തിയമര്‍ന്നിരുന്നു. പെട്രോളൊഴിച്ച് കത്തിച്ചതാവാമെന്ന നിഗമനത്തിലാണ് പോലീസ്. പ്രദേശത്തെ കഞ്ചാവുമാഫിയയാണ് ഇതിനു പിന്നിലെന്ന് സൂചനയുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ അഷ്‌റഫ് പ്രദേശത്തെ കഞ്ചാവു വില്‍പനക്കെതിരെ നേരത്തെ ഇടപെടല്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ ആക്രമണമെന്ന് കരുതുന്നു.സംഭവത്തിനു ശേഷം സമീപവാസികളടക്കമുള്ള നിരവധി പേരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫോറന്‍സിക്ക് പരിശോധനാ ഫലത്തില്‍ നിന്നും പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടില്ല.പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് എസ്‌ഐ ശ്രീജിത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it