Idukki local

കഞ്ചാവ് കടത്ത്; കുമളിയില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍

കുമളി:  കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് മലപ്പുറം സ്വദേശികളായ യുവാക്കള്‍ കുമളിയില്‍ അറസ്റ്റിലായി. മലപ്പുറം തിരൂര്‍ ചെറിയമുണ്ടം തലക്കടത്തൂര്‍ സ്വദേശികളായ പങ്ങത്ത് വീട്ടില്‍ സിറാജുദീന്‍ (30), പേരൂളില്‍ വീട്ടില്‍ ജുനൈദ് (23), താന്നൂര്‍ മീനടത്തൂരില്‍ മൂത്തേടത്ത്കാട്ടില്‍ സുമേഷ് (22) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ കുമളി അതിര്‍ത്തിയിലെ എക്‌സൈസ് ചെക്‌പോസ്റ്റിലായിരുന്നു സംഭവം.
രാവിലെയായിരുന്നതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളുമായി വരുന്ന വാഹനങ്ങളുടെ തിരക്കായിരുന്നു. ഇതിനിടയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ ഏഴ് ബി ഡബ്യുയു 1198 രജിസ്ട്രഷന്‍ നമ്പരിലുള്ള ഇന്നോവ കാര്‍ കടന്നു വന്നത്. കാര്‍ ധൃതിയില്‍ വിട്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ വിദഗ്ധമായാണ് ഉദ്യോഗസ്ഥര്‍ വാഹനം പിടികൂടിയത്.
പരിശോധനയില്‍ വാഹനത്തിനുള്ളില്‍ പ്ലാസ്റ്റിക് കവറിനുള്ളിലായി ഒളിപ്പിച്ചു വച്ചിരുന്ന കഞ്ചാവ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും സ്വന്തം ഉപയോഗത്തിന്നായി പതിനായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ മൊഴി നല്‍കി. മലപ്പുറത്ത് നൂറ് രൂപ നല്‍കിയാല്‍ രണ്ട് തവണ വലിക്കാനുള്ള കഞ്ചാവ് മാത്രമാണ് ലഭിക്കുക. തമിഴ്‌നാട്ടില്‍ എത്തിയാല്‍ കൂടുതല്‍ അളവില്‍ ലഹരി ഉപയോഗിക്കാന്‍ കഴിയുമെന്ന വിവരം ലഭിച്ചതിനാലാണ് ഇതിന് ഇറങ്ങിത്തിരിച്ചതെന്നും ഇവര്‍ മൊഴി നല്‍കി. മാത്രമല്ല വിനോദ സഞ്ചാരത്തിനെന്ന പേരില്‍ മലപ്പുറം സ്വദേശിയില്‍ നിന്നും ദിവസ വാടകയ്ക്ക് എടുത്ത വാഹനമാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it