Kollam Local

കഞ്ചാവുമായി ക്രിമിനല്‍ കേസ് പ്രതി പിടിയില്‍

കരുനാഗപ്പള്ളി: കഞ്ചാവുമായി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവ് പിടിയിലായി. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും മോഷ്ടാവുമായ ഡ്യൂക്ക് രമേശ് എന്നറിയപ്പെടുന്ന ചെറിയഴീക്കല്‍ പുത്തന്‍പുരയില്‍ വീട്ടില്‍ രമേശിനെയാണ് രണ്ടു കിലോ കഞ്ചാവുമായി കരുനാഗപ്പള്ളി എക്‌സൈസ് അറസ്റ്റ് ചെയ്തത്. എക്‌സൈസിനേയും പോലിസിനേയും വെല്ലുവിളിച്ചാണ് രമേശിന്റെ കഞ്ചാവ് കച്ചവടം. എക്‌സൈസുകാരോ പോലിസുകാരോ അന്വേഷിച്ചാലോ പിടിക്കാന്‍ ശ്രമിച്ചാലോ സംഘടിതമായി ചെറുക്കാന്‍ കഞ്ചാവ് മാഫിയയെ തന്നെ തയ്യാറാക്കി നിറുത്തിയാണ് ഇയാളുടെ കച്ചവടം നടക്കുന്നത്. ഒരു കിലോ കഞ്ചാവ് വാങ്ങി വിറ്റ് ഡ്യൂക്ക് ബൈക്ക് വാങ്ങിയാണ് ഇയാളുടെ കഞ്ചാവ് കച്ചവടത്തിന്റെ തുടക്കവും കഞ്ചാവ് മാഫിയക്കാരുടെ ഇടയില്‍ ഡ്യൂക്ക് രമേശ് എന്നു അറിയപ്പെടാനും തുടങ്ങിയത്. ഡ്യൂക്ക് ബൈക്കില്‍ തന്നെയാണ് ഇയാള്‍ തമിഴ് നാട്ടിലും ബാംഗ്ലൂരുവിലും കഞ്ചാവ് വാങ്ങാന്‍ പോകുന്നത്. എക്‌സൈസ് കമ്മിഷണറുടെ രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ ടീം രമേശിന്റെ ചില്ലറ വില്‍പനക്കാരനായ വെളുത്ത മണല്‍ സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ കൊണ്ട് ഡ്യൂക്ക് രമേശിനോട് കഞ്ചാവ് ആവശ്യപ്പെട്ടതില്‍ കല്ലുമ്മൂട്ടില്‍കടവ് പാലത്തിനു സമീപം രണ്ടു കിലോ കഞ്ചാവുമായി കൈമാറാന്‍ എത്തിയപ്പോഴാണ് രമേശ് അറസ്റ്റിലായത്. ഇയാളുടെ ചില്ലറ കച്ചവടക്കാരനായ ഇടക്കുളങ്ങര എഫ്‌സിഐ ഗോഡൗണിനു സമീപം കഞ്ചാവ് കച്ചവടം ചെയ്യുന്ന കുയില്‍ എന്ന് വിളിക്കുന്ന അമല്‍ രമേശിന്റെ കൂട്ടാളിയും കൊല്ലം, പരവൂര്‍,പോളയത്തോട്, രാമന്‍കുളങ്ങര ഭാഗങ്ങളിലെ ഇയാളുടെ ഏജന്റുമായ പരവൂര്‍ സുനാമി കോളനിയിലെ കലേഷും ഇതേ തുടര്‍ന്ന് ഒളിവിലാണ്. ഇവര്‍ ഒളിവില്‍ താമസിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എക്‌സൈസ് നീരിക്ഷണത്തിലാണ്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജോസ്പ്രതാപിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ അന്‍വര്‍, ഹരികൃഷ്ണന്‍, എം സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിജു, ശ്യാംകുമാര്‍ സജീവ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതി രമേശിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it