kozhikode local

കക്കൂസ് മാലിന്യം അഴുക്കുചാലില്‍; കെട്ടിടം ഉപരോധിച്ചു

നാദാപുരം: കല്ലാച്ചി ടൗണിലെ കെട്ടിടത്തില്‍ നിന്ന് കക്കൂസ് മാലിന്യം അഴുക്ക് ചാലിലേക്ക് തുറന്ന് വിട്ടു. ഡിവൈഎഫ്‌ഐ കെട്ടിടം ഉപരോധിച്ചു,കെട്ടിടത്തില്‍ കരി ഓയിലൊഴിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഡിവൈഎഫ്‌ഐ വ്യാപാര സമുച്ചയം ഉപരോധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ വ്യാപാര സമുച്ചയത്തില്‍ നിന്ന് കക്കൂസ് മാലിന്യങ്ങള്‍ അഴുക്ക് ചാലില്‍ തുറന്ന് വിട്ടിരുന്നു.
സമരവുമായി ഡിവൈ എഫ്‌ഐ സമുച്ചയം ഉപരോധിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസത്തോളം സമുച്ചയത്തിലെ വ്യാപാര സ്ഥാപനങ്ങളും കോളജുകളും സ്ഥാപനങ്ങളും അടഞ്ഞ്കിടന്നിരുന്നു. തുടര്‍ന്ന് ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റിന്റെയും പോലിസിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കെട്ടിട ഉടമയെ കൊണ്ട് അഴുക്ക് ചാലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യിക്കുകയും അഴുക്ക് ചാലിലേക്ക് തുറന്നിട്ട മാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന പൈപ്പുകള്‍ സ്‌റ്റോപ്പറിട്ട് അടപ്പിക്കുകയും ചെയ്തിരുന്നു.ശക്തമായ മഴയില്‍ മാലിന്യങ്ങള്‍ അഴുക്ക് ചാലില്‍ തുറന്നിട്ട് ഒഴുക്കി കളയുകയാണ് ഉദ്ദേശമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. കല്ലാച്ചി ടൗണിലെ കക്കൂസ് മാലിന്യങ്ങളടക്കമുള്ളവ ഒഴുകി എത്തുന്നത് കസ്തൂരി കുളത്തെ വയലില്‍കുനിഭാഗത്താണ്. ഇവിടെയുള്ള കിണറുകളടക്കം മലിനമായ തോടെ ലക്ഷങ്ങള്‍ മുടക്കി പുതുതായി കിണറുകള്‍ കുഴിച്ചവരുമുണ്ട്.
മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതു വരെ വ്യാപാര സമുച്ചയം തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഡിവൈഎഫ്‌ഐ .ഉപരോധ സമരത്തിനെത്തിയവര്‍ വ്യാപാര സമുച്ചയത്തിന്റെ ബോര്‍ഡില്‍ കരിഓയില്‍ പ്രയോഗവും നടത്തി.

Next Story

RELATED STORIES

Share it