kannur local

കംഫര്‍ട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുഴയിലേക്കൊഴുക്കുന്നു

ഇരിട്ടി: നഗരം മുഴുവന്‍ ശുചീകരണത്തിന് നഗരസഭയും ആരോഗ്യവകുപ്പും ഊര്‍ജിത ശ്രമം നടത്തുമ്പോള്‍ നഗരസഭ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്്‌റ്റേഷനില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കുന്നത് പഴശ്ശി പദ്ധതിയിലെ കുടിവെള്ളത്തിലേക്ക്. പ്രദേശം ദുര്‍ഗന്ധപൂരിതമായപ്പോള്‍ നഗരസഭ ആരോഗ്യ വിഭാഗം കുറ്റം ചുമത്തിയത് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ.
നഗരസഭ പുതിയ ബസ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാര സ്ഥപനങ്ങളില്‍ നിന്നാണ് മലിനജലം പുഴയിലേക്ക് പതിക്കുന്നതെന്നായിരുന്നു ആരോപണം. മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്നലെ അടച്ചിടാനും നിര്‍ദേശിച്ചു. വ്യാപാരികള്‍ നഗരസഭയുടെ വാദത്തെ എതിര്‍ത്തെങ്കിലും ഇന്നലെ കടകള്‍ അടച്ചിട്ടപ്പോഴാണ് അധികാരികളുടെ കണ്ണ് തള്ളിപ്പോയത്. നഗരസഭയുടെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ ടാങ്ക് നിറഞ്ഞ് നേരെ പുഴയിലേക്കാണ് പതിക്കുന്നതെന്ന് കണ്ടെത്തി.
നേരത്തെയും ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നപ്പോഴും വ്യാപാര സ്ഥാപനങ്ങളെ പഴിചാരി അധികൃതര്‍ രക്ഷപ്പെടുകയായിരുന്നു. ലക്ഷങ്ങള്‍ മുടക്കി ഷോപ്പിങ് കോംപ്ലക്‌സുകള്‍ പണിത് ഹോട്ടല്‍ ഉള്‍പ്പെടെ വ്യാപരസ്ഥാപനങ്ങള്‍ക്കായി വടകയ്ക്കു നല്‍കിയതല്ലാതെ അവിടെനിന്നുണ്ടാവുന്ന മലിനജലം ഉള്‍പ്പെടെയുള്ളവ ഒഴുക്കി വിടുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയിരുന്നില്ല. മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെ മുഴുവന്‍ മാലിന്യങ്ങളും നീക്കുന്നതിനു നഗരസഭ ആരോഗ്യ വിഭാഗം ഊര്‍ജിതശ്രമം നടത്തുന്നതിനിടെയാണ് നഗരസഭയുടെ ഭാഗത്തുനിന്നു പുഴ മലിനീകരണ പ്രവര്‍ത്തനം നടത്തുന്നത്.
നഗരസഭയുടെ പഴയ സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനും അടഞ്ഞുകിടക്കുന്നതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവക്ക് ഏറെ പ്രയാസം ഉണ്ടാവുകയാണ്. നിരവധി സ്ത്രീകള്‍ ജോലി ചെയ്യുന്ന നഗരത്തിലെ ഒട്ടുമിക്ക ഷോപ്പിങ് കോംപ്ലക്‌സുകളിലും മൂത്രപ്പുര പോലുമില്ല. ഇവരെല്ലാം നഗരസഭ കംഫര്‍ട്ട് സ്്‌റ്റേഷനെയാണ് ആശ്രയിക്കുന്നത്. കക്കൂസ് മാലിന്യങ്ങള്‍ പുഴയിലേക്ക് കലരുന്നത് പരിശോധിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it