World

കംപ്യൂട്ടറുകളില്‍ ചൈനയുടെ രഹസ്യ ചിപ്പുകള്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: സൂപര്‍ മൈക്രോ കമ്പനിക്ക് വേണ്ടി സെര്‍വറുകളും മദര്‍ബോര്‍ഡുകളും നിര്‍മിക്കുന്ന ചൈനീസ് ഫാക്ടറികള്‍ രഹസ്യ ചിപ്പുകള്‍ വഴി ചാരപ്രവര്‍ത്തനം നടത്തുന്നതായി കണ്ടെത്തി.
കംപ്യൂട്ടറുകളിലെ മദര്‍ബോര്‍ഡില്‍ കുഞ്ഞന്‍ ചിപ്പുകള്‍ ഒളിപ്പിച്ചുവച്ചാണ് അമേരിക്കന്‍ കമ്പനികളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സുപ്രധാന വിവരങ്ങള്‍ ചൈന കൈവശപ്പെടുത്തുന്നത്. ആമസോണിന്റെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ എലമെന്റല്‍ ടെക്‌നോളജീസ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് കംപ്യൂട്ടറുകളുടെ മദര്‍ബോര്‍ഡില്‍ ഒളിപ്പിച്ചുവച്ച അരിമണിയുടെ വലിപ്പത്തിലുള്ള ചിപ്പുകള്‍ കണ്ടെത്തിയത്. ആമസോണിന്റെ പ്രൈം വീഡിയോകള്‍ക്ക് വേണ്ടിയാണ് എലമെന്റല്‍ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ് സംരംഭം കമ്പനി ആരംഭിക്കുന്നത്. സൂപ്പര്‍ മൈക്രോ എന്ന കമ്പനിയില്‍ നിന്നാണ് ഇതിനായി സോഫ്റ്റ്‌വെയറുകളും സെര്‍വറുകളും ആമസോണ്‍ വാങ്ങിയത്. ഇവയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി കാനഡയിലെ ഒന്റാറിയോയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് മദര്‍ബോര്‍ഡുകളുടെ യഥാര്‍ഥ ഡിസൈനില്‍ ഇല്ലാത്ത ചെറിയ ചിപ്പുകള്‍ ഉള്ളതായി കണ്ടെത്തിയത്.
കംപ്യൂട്ടര്‍ മദര്‍ബോര്‍ഡുകളുടെയും സെര്‍വറുകളുടെയും ചിപ്പുകളുടേയുമൊക്കെ പ്രധാന വിതരണക്കാരാണ് സാഞ്ചോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മൈക്രോ എന്ന കമ്പനി. ആപ്പിള്‍, ആമസോണ്‍, സൂപ്പര്‍മൈക്രോ തുടങ്ങിയ ഭീമന്‍ കമ്പനികളുടെയും എഫ്ബിഐ, സിഐഎ, പ്രതിരോധ വകുപ്പ് തുടങ്ങി സര്‍ക്കാര്‍ ഏജന്‍സികളുടെയും വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. ആഗോള വിപണിയിലെ 70 ശതമാനത്തോളം കംപ്യൂട്ടറുകളും മൊബൈലുകളും നിര്‍മിക്കുന്നത് ചൈനയാണ്. നിര്‍മാണകേന്ദ്രത്തില്‍ വച്ചാണ് ചിപ്പുകള്‍ ഘടിപ്പിച്ചത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ചൈനീസ് സൈനിക യൂനിറ്റ് സിഗ്‌നലുകള്‍ നിയന്ത്രിക്കുന്ന പെന്‍സില്‍ മുനയോളം വലിപ്പമുള്ള ഉപകരണത്തിനോട് സമാനമായ രൂപത്തിലുള്ള ഈ കുഞ്ഞു ചിപ്പിന് ഡാറ്റ ശേഖരിച്ചു വയ്ക്കാനും കൈമാറാനും ആവശ്യമെങ്കില്‍ സെര്‍വറുകള്‍ നശിപ്പിക്കാനുമുള്ള ശേഷിയുണ്ട്. ഈ സൂപ്പര്‍ മൈക്രോ മദര്‍ബോര്‍ഡുകള്‍ ചൈനീസ് ചാരന്‍മാര്‍ക്ക് കടന്നുകയറാനും ഹാക്കിങ് നടത്താനും അവസരം നല്‍കും. മദര്‍ബോര്‍ഡ് ഉപയോഗിക്കുന്ന എല്ലായിടത്തും ചാരപ്രവര്‍ത്തനം നടത്താന്‍ ഇതുവഴി ചൈനയ്ക്ക് കഴിയും.
സെര്‍വറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഉടനെ ഈ കുഞ്ഞു ചിപ്പുകള്‍ ഓപറേറ്റിങ് സിസ്റ്റത്തിലെ പ്രധാന പ്രോഗ്രാമുകളില്‍ മാറ്റംവരുത്തും. കൂടുതല്‍ നിര്‍ദേശങ്ങളും കോഡുകളും സ്വീകരിക്കാനാവുംവിധം ഹാക്കര്‍മാര്‍ക്ക് വാതിലുകള്‍ തുറന്നിട്ട് കൊടുക്കാനും ഇവയ്ക്ക് സാധിക്കും.

Next Story

RELATED STORIES

Share it