World

കംപോഡിയ: ഹുന്‍ സെന് വീണ്ടും സാധ്യത

നോംപെന്‍: കംപോഡിയന്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ വീണ്ടും അധികാരത്തിലെത്താന്‍ സാധ്യത. 33 വര്‍ഷത്തോളമായി അധികാരത്തിലിരിക്കുന്ന ഹുന്‍ സെന്‍ 10 വര്‍ഷം കൂടി താന്‍ തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരായ ആരോപണമുന്നയിക്കുന്നവരെയും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കംപോഡിയ നാഷനല്‍ റെസ്‌ക്യൂ പാര്‍ട്ടി (സിഎന്‍ആര്‍പി)യെയും അടിച്ചമര്‍ത്തിയ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് ആരോപണമുണ്ട്.
സര്‍ക്കാര്‍ ഏകപക്ഷീയമായി നടത്തുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 80 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.  കഴിഞ്ഞ വര്‍ഷമാണ് സിഎന്‍ആര്‍പിയെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സുപ്രിംകോടതി അയോഗ്യമാക്കിയത്.
തുടര്‍ന്ന്, പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം വിദേശ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. പ്രമുഖ പ്രതിപക്ഷ നേതാവായ കെം സോഖയെ കഴിഞ്ഞ സപ്തംബറില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു.
കംപോഡിയ ഏക പാര്‍ട്ടി ഭരണത്തിലേക്ക് മാറുകയാണെന്നു കനേഡിയന്‍ അംബാസഡര്‍ ട്വീറ്റ് ചെയ്തു.  കംപോഡിയ പീപ്പിള്‍ പാര്‍ട്ടിയുടെ (സിപിപി) ഹുന്‍സെന്‍ അടക്കം 19 പേരാണ് മല്‍സരരംഗത്തുള്ളത്. ജനപ്രീതിയില്ലാത്ത സ്ഥാനാര്‍ഥികളാണ് ഹുന്‍സെന്നിനെതിരേ മല്‍സരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it