Flash News

ഔറംഗബാദില്‍ വര്‍ഗീയ സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

ഔറംഗബാദില്‍ വര്‍ഗീയ സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു
X

ഒറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഒരാള്‍ പോലിസ് വെടിവയ്പിലാണ് മരിച്ചത്. രണ്ടാമത്തെ മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഷാഹ്ഞ്ച്, അന്‍ഗോരി ബാഗ്, നവാബ്പുര തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം ഷോപ്പുകള്‍ അഗ്നിക്കിരയാക്കിയതായി എംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി ട്വിറ്ററില്‍ അറിയിച്ചു. ഷാഹ്ഗഞ്ച് മസ്ജിദിന് സമീപമുള്ള മുസ്‌ലിംകളുടെ കടകളാണ് വ്യാപകമായി ആക്രമിക്കപ്പെട്ടത്. മസ്ജിദിന് ചുറ്റുമുള്ള ഷൂവില്‍പ്പന നടത്തുന്ന ചെറിയ ചെറിയ കടകളാണ് അഗ്നിക്കിരയാക്കപ്പെട്ടിട്ടുള്ളത്. സംഘര്‍ഷത്തില്‍ 10 പോലിസുകാര്‍ക്ക് പരിക്കേറ്റു.

നിസാരമായ തര്‍ക്കത്തില്‍ നിന്നാണ് കലാപം ആരംഭിച്ചതെന്ന് റിപോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, വ്യത്യസ്ത വിവരങ്ങളാണ് ഇത് സംബന്ധമായി പുറത്തുവരുന്നത്. ഗാന്ധിനഗര്‍ ഏരിയയിലുള്ള ഒരു ഗാരേജിലേക്ക് ഏതാനും പേര്‍ വന്ന് മദ്യപിക്കാന്‍ പണം ചോദിച്ച് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിന്റെ തുടക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഒരു ആരാധനാലയത്തിലേക്കുള്ള അനധികൃത കുടിവെള്ള പൈപ്പ് ചിലര്‍ തടസ്സപ്പെടുത്തിയതാണ് സംഭവത്തിന് കാരണമെന്ന് സീ ന്യൂസിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന് പിന്നില്‍ റാച്ചു പെഹല്‍വാന്‍ എന്നയാളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. ഷാഹ് ഗഞ്ച് മസ്ജിദിന് സമീപമുള്ള ചെറിയ കടകള്‍ നീക്കം ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കടയുടമകള്‍ രണ്ടു ദിവസം മുമ്പ് കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി. കലാപത്തില്‍ ഈ കടകള്‍ മുഴുവന്‍ അഗ്നിക്കിരയായിടിട്ടുണ്ട്.  പ്രദേശത്ത് നേരത്തേയും പല സംഘര്‍ഷങ്ങള്‍ക്കു പിന്നിലും റാച്ചു പഹല്‍വാന്റെ കൈകളുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

ഔറംഗബാദിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്ത് പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി നിരവധി പ്രദേശങ്ങളില്‍ കല്ലേറും തീവയപ്പുമുണ്ടായി. ഒരു വിഭാഗത്തിന്റെ കടകളും വീടുകളും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായാണ് റിപോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it