kannur local

ഓവുചാലില്ലാതെ റോഡ് നിര്‍മാണം; നേരംപോക്ക് റോഡില്‍ വെള്ളക്കെട്ട്

ഇരിട്ടി: ഇരിട്ടി-നേരംപോക്ക് റോഡില്‍ മഴവെള്ളം കുത്തിയൊലിച്ച് കാല്‍നടയാത്ര പോലും ദുസ്സഹമായി. വ്യാപാരികളും വഴിയാത്രക്കാരും ദുരിതത്തില്‍. ഇരിട്ടി താലൂക്ക് ആശുപത്രി, ഫയര്‍ സ്റ്റേഷന്‍, ഉള്‍പ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങളിലേക്ക് പോവുന്ന റോഡിലാണ് വിദ്യാര്‍ഥികളും വ്യാപാരികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ അധികൃതരുടെ അനാസ്ഥ മൂലം ദുരിതമനുഭവിക്കുന്നത്.
മഴവെള്ളം ഒഴുകിപ്പോവാന്‍ ഓവുചാലുകള്‍ നിര്‍മിക്കാത്തതാണ് റോഡിലുടെ മലിനജലം ഉള്‍പ്പെടെ ഒഴുകാന്‍ കാരണം. ലക്ഷങ്ങള്‍ ചെലവിട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് വീതികൂട്ടി ടാര്‍ ചെയ്‌തെങ്കിലും താലൂക്ക് ആശുപത്രി കുന്നില്‍ നിന്നു നരിക്കുണ്ടം ഭാഗത്തു നിന്നുള്‍പ്പെടെ കുത്തിയൊലിച്ചു വരുന്ന മഴവെള്ളവും കക്കുസ് മാലിനജലം ഉള്‍പ്പെടെയുള്ള അഴുക്കുവെള്ളം ഒഴുകിപ്പോവാന്‍ ഓവുചാല്‍ നിര്‍മിച്ചിട്ടില്ല. നടപ്പാത സൗകര്യം പോലും ഇല്ലാതെയാണ് റോഡ് അശാസ്ത്രീയമായി ടാര്‍ ചെയ്തത്. ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസ്, ഇരിട്ടി സബ് ട്രഷറി, നിരവധി സ്വകാര്യ ആശുപത്രികള്‍, ബാങ്കുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന തിരക്കേറിയ റോഡിലൂടെ ഒരു ചാറ്റല്‍ മഴ പെയ്താല്‍ പോലും കുത്തിയൊലിക്കുന്ന മഴവെള്ളത്തിലൂടെ കടന്നുപോവാന്‍ ബുദ്ധിമുട്ടുകയാണ്. അടിയന്തരമായും ബന്ധപ്പെട്ടവര്‍ ഇടപെട്ട് നേരംപോക്ക് റോഡിന്റെ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്നാണ് നാട്ടുകാരും വ്യാപാരികളും ഒന്നടങ്കം പറയുന്നത്.
Next Story

RELATED STORIES

Share it