kasaragod local

ഓവര്‍സീയര്‍മാരുടെ വാര്‍ഡ് ചുമതല മാറ്റി; അഴിമതി മറയ്ക്കാനെന്ന് ആരോപണം

കാസര്‍കോട്:  കാസര്‍കോട് നഗരസഭയിലെ വിവിധ പ്രവൃത്തികളില്‍ നടന്ന ക്രമക്കേടുകള്‍ മറയ്ക്കാന്‍ ഓവര്‍സീയര്‍മാരുടെ വാര്‍ഡു ചുമതലകള്‍ മാറ്റി. ടെണ്ടര്‍ വിളിക്കാതെ നഗരസഭ മരാമത്ത് പ്രവൃത്തികള്‍ നല്‍കിയതിന്റെ അന്വേഷണം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരുടെ ചുമതലകള്‍ പരസ്പരം മാറ്റിയത്. ഇതിലൂടെ ക്രമക്കേടിന് ഉത്തരവാദികള്‍ ഓവര്‍സീയര്‍മാര്‍മാത്രമാണെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രതീതി ജനിപ്പിക്കാനാണ് നഗരസഭ നീക്കം.
കാസര്‍കോട് നഗരവും പ്രധാന സ്ഥലങ്ങളും ഉള്‍പ്പെടുന്ന 10 മുതല്‍ 17 വരെയുള്ള വാര്‍ഡുകളുടെ ചുമതല ഓവര്‍സിയര്‍ പി മഹേഷ്‌കുമാറിന് നല്‍കിയാണ് ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. 18 മുതല്‍ 25 വരെയുള്ള വാര്‍ഡുകളുടെ ചുമതല ഓവര്‍സിയര്‍ ഇ ഗംഗാധരനാണ് നല്‍കിയിട്ടുള്ളത്. ഓവര്‍സിയര്‍  അബ്ദുര്‍റഷീദിന് 26 മുതല്‍ 33 വരെയുള്ള വാര്‍ഡുകളുടെ ചുമതല നല്‍കിയപ്പോള്‍  സിഎസ് അജിതക്ക് മൂന്ന് മുതല്‍ ഒമ്പത് വരെയുള്ളതും അബ്ദുല്‍ സലാമിന് 34 മുതല്‍ 38 വരെയും ഒന്ന്, രണ്ടു വാര്‍ഡുകളുടെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പമാണ് വിചിത്രമായ നിര്‍ദേശവും ഉത്തരവിലുള്ളത്. പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാവിധ പ്രശ്‌നങ്ങളും മുനിസിപ്പല്‍ എന്‍ജിനിയറെ അറിയിക്കണമെന്നും അളവും ഗുണമേന്മയും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഓവര്‍സിയര്‍മാര്‍ക്കാണ് എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഏല്‍പിച്ച വര്‍ക്കുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഡി പി സി അംഗീകാരം വാങ്ങിക്കണമെന്നും കാലതാമസം ഉണ്ടായാല്‍ ഉത്തരവാദികള്‍ ഓവര്‍സിയര്‍മാര്‍ മാത്രമായിരിക്കുമെന്നും വ്യക്തമാക്കുന്നു. നഗരത്തിലെ പ്രധാന വാര്‍ഡുകളുടെ ചുമതല നല്‍കിയിട്ടുള്ള പി മഹേഷ്‌കുമാര്‍ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ ആയി ഉദ്യോഗക്കയറ്റം നല്‍കി പനത്തടി ഗ്രാമ പ്പഞ്ചായത്തില്‍ സ്ഥലംമാറ്റി നിയമിച്ചിട്ടുള്ളയാളുമാണ്.
എന്നാല്‍ ഉത്തരവ് ഇറങ്ങിയിട്ടും ഇവിടത്തെ ചുമതല ഒഴിയാന്‍ ഈ ഉദ്യോഗസ്ഥന്‍ തയ്യാറായിട്ടില്ല. പല വാര്‍ഡുകളിലും കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലികള്‍  നടന്നുകൊണ്ടിരിക്കെയാണ് എന്‍ജിനിയറിങ്് വിഭാഗത്തിലെ ഓവര്‍സിയര്‍മാരുടെ പൊടുന്നനെയുള്ള ചുമതല മാറ്റം.  അഴിമതി പുറത്തായ ഉടന്‍ ഇതിനെല്ലാം ഉത്തരവാദികള്‍ തങ്ങളല്ലെന്നും ഓവര്‍സീയര്‍മാത്രമാണെന്നും വരുത്തി തീര്‍ക്കാന്‍ ഓവര്‍സീയര്‍ മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് വരെ ഭരണ സമിതി നല്‍കിയിരുന്നു. ഇതിനായി  അസി. എന്‍ജിനിയറും അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയറും  കൂട്ടുനില്‍ക്കുന്നതായും ജീവനക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it