Kottayam Local

ഓരുവെള്ള ഭീഷണിയെ അതിജീവിച്ച് നടത്തിയ ചീരകൃഷിക്ക് നൂറുമേനി



വൈക്കം: ഓരുവെള്ള ഭീഷണിയെ അതിജീവിച്ച് ജൈവകൃഷി നടത്തിയ വനിതാ ഗ്രൂപ്പിനു ചീരകൃഷിയില്‍ നൂറുമേനി. കൃഷിയിടത്തിനു ചുറ്റുമുള്ള തോട്ടിലും കുളത്തിലും കിണറ്റിലുമെല്ലാം ഉപ്പു കലര്‍ന്നതോടെ പ്രതിസന്ധി നേരിട്ടെങ്കിലും ദുരെ നിന്ന് തലച്ചുമടായി വെള്ളമെത്തിച്ച് കൃഷിയെ സംരക്ഷിച്ചു. ഉദയനാപുരം പടിഞ്ഞാറേക്കര ഹരിശ്രീ കുടുംബശ്രീയുടെയും ശ്രീലക്ഷ്മി ലേബര്‍ ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കൃഷിയിലാണ് വനിതകള്‍ വിജയം കൈവരിച്ചത്. വര്‍ഷങ്ങളായി തരിശായി കാടും പടര്‍പ്പും തിങ്ങിയ പുരയിടം ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണ് കൃഷിയോഗ്യമാക്കിയത്. പാവല്‍, പടവലം, പീച്ചില്‍, തക്കാളി, വഴുതന, മത്തന്‍, കുമ്പളം തുടങ്ങി ഒട്ടുമിക്ക പച്ചക്കറി തൈകളും കൃഷി ചെയ്തതിനിടയില്‍ ഇടവിളയായി നട്ട ചീരയാണിപ്പോള്‍ വലിയ വിളവ് നല്‍കിയിരിക്കുന്നത്. കൃഷിക്ക് ആവശ്യമായ പച്ചക്കറി തൈകളും വളവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി ഗുരുകൃപ ഹോര്‍ട്ടികള്‍ച്ചര്‍ ഉടമ മക്കന്‍ ചെല്ലപ്പന്‍, ഉദയനാപുരത്തെ കൃഷി ഓഫിസര്‍ സീന, കൃഷി അസിസ്റ്റന്റുമാരായ രാജേഷ്, രമ എന്നിവര്‍ വനിതാഗ്രൂപ്പിന് പിന്തുണയുമായി രംഗത്തുണ്ട്. ഹരിശ്രീ കുടുംബശ്രീ പ്രസിഡന്റ് സുലോചന, സെക്രട്ടറി ഷീല രാജേന്ദ്രബാബു, ശ്രീലക്ഷ്മി ലേബര്‍ ഗ്രൂപ്പ് പ്രസിഡന്റ് വിജയമ്മ സുഗതന്‍, സെക്രട്ടറി വൈജയന്തി, വിനയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. വിളവെടുപ്പ് ഉദ്ഘാടനം ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എസ് മോഹനന്‍, പ്രവീണ സിജി, പഞ്ചായത്ത് അംഗങ്ങളായ ജയ, ഗിരിജ പുഷ്‌ക്കരന്‍, ജമീല, സന്ധ്യ മോള്‍, ശശികല സംസാരിച്ചു.
Next Story

RELATED STORIES

Share it