malappuram local

ഓട്ടോറിക്ഷകളുടെ കണക്കെടുപ്പ് കടലാസിലൊതുങ്ങി

പൊന്നാനി: പൊന്നാനിയിലെ ഓട്ടോറിക്ഷകളുടെ കണക്കെടുപ്പ് കടലാസിലൊതുങ്ങി. ഓട്ടോസ്റ്റാന്റുകള്‍ക്ക് നമ്പറിടുന്ന പ്രവര്‍ത്തനവും അവതാളത്തിലായി. ഓട്ടോ യൂനിയനുകളുടെ നിസഹകരണമാണു പദ്ധതി പാളാനിടയാക്കിയത്.
പൊന്നാനി നഗരസഭാ പരിധിയിലെ ഓട്ടോറിക്ഷകളുടെ പൂര്‍ണവിവര ശേഖരവും, ഓട്ടോസ്റ്റാന്റുകളില്‍ നമ്പറിടുകയും ചെയ്യുന്നതിനു വേണ്ടി മോട്ടോര്‍ വാഹന വകുപ്പും, നഗരസഭയും സംയുക്തമായി നടത്തിയ നീക്കമാണ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്.
ഓട്ടോറിക്ഷകളുടെ പൂര്‍ണവിവര ശേഖരം ലക്ഷ്യമിട്ടാണു പദ്ധതി നടപ്പിലാക്കിയത്. ഓരോ ഓട്ടോറിക്ഷാ സ്റ്റാന്റുകളിലെയും ഓട്ടോറിക്ഷകളുടെ എണ്ണം, ഉടമയുടെ വിവരങ്ങള്‍, ഡ്രൈവറുടെ പൂര്‍ണ വിവരങ്ങള്‍ എന്നിവ ശേഖരിക്കുകയും ചെയ്ത് ഡാറ്റ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുക. എന്നാല്‍ വിവരശേഖരണം ആരംഭിച്ചുവെങ്കിലും പിന്നീട് ഇത് നിലച്ചു.
വിവിധ ഓട്ടോ തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണു പദ്ധതി നിലച്ചതെന്നാണ് അറിയുന്നത്. സംവിധാനം നിലവില്‍ വന്നാല്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ അതത് സ്റ്റാന്റുകളില്‍ മാത്രമെ നിര്‍ത്തിയിടാനാവൂ എന്ന നിര്‍ദ്ദേശത്തിലെ പ്രായോഗിക തടസ്സമാണ് തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനിടയാക്കിയത്.
നിലവില്‍ പൊന്നാനി നഗരസഭയില്‍ പരിധിയില്‍ കവിഞ്ഞ് പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളാണ് സര്‍വീസ് നടത്തുന്നത്.കൂടാതെ പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകളും നിരവധിയാണ്. ഏറെ ഗുണപ്രദമായ വിവരശേഖരണമാണു തൊഴിലാളികളുടെ എതിര്‍പ്പ് മൂലം നിലച്ചത്.
Next Story

RELATED STORIES

Share it