kannur local

ഓട്ടുറുമ ശല്യം രൂക്ഷം: ഉറക്കമില്ലാതെ നാട്ടുകാര്‍

ഇരിക്കൂര്‍: വേനല്‍മഴയെ തുടര്‍ന്ന് ഇരിക്കൂറിലെ ഗ്രാമീണമേഖലയില്‍ ഓട്ടുറുമ പ്രാണിശല്യം രൂക്ഷം. സിദ്ദീഖ് നഗര്‍, പെരുവളത്തുപറമ്പ്, മൊടക്കൈപറമ്പ് എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ ഓട്ടുറുമ ശല്യം കനത്തതോടെ ജനം ദുരിതത്തിലായി.
പല വീടുകളിലും ആയിരക്കണക്കിന് ഓട്ടുറുമകളാണ് ഉള്ളത്. താമസിക്കാനാവാതെ പലരും ബന്ധുവീടുകളിലേക്ക് താമസം മാറി. പകല്‍ അപ്രത്യക്ഷമാവുന്ന പ്രാണികള്‍ രാത്രി വീടുകളിലെയും കടകളിലെയും ചുമരുകളും മേല്‍ക്കൂരകളും താവളമാക്കും. വീടുകളില്‍ ബള്‍ബുകള്‍ കത്തിക്കാന്‍ പോലും കഴിയുന്നില്ല.
ഭക്ഷണം പാകംചെയ്യാനും സൂക്ഷിക്കാനും കഴിക്കാനും പ്രയാസം. വെളിച്ചം കാണുന്ന പ്രദേശങ്ങളിലേക്ക് ഓട്ടുറുമ കൂട്ടത്തോടെ പറന്നെത്തുന്നു. ചെവിയിലും മൂക്കിലും ഇവ കയറാനും സാധ്യതയുള്ളതിനാല്‍ സ്വസ്ഥമായി ഉറങ്ങാനും കഴിയുന്നില്ല. വസ്ത്രങ്ങളിലും കുടിവെള്ളത്തിലും ഉള്‍പ്പെടെ എല്ലായിടത്തും ഓട്ടുറുമ പ്രാണികളാണ്.
ഇവയുടെ ശരീരത്തില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന ദ്രാവകം ദേഹത്ത് തട്ടിയാല്‍ പൊള്ളലേല്‍ക്കും. ഓട്ടുറുമ ചെവിയിലും മൂക്കിലും കയറി ഇതിനകം ഒട്ടേറെ പേര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ മിക്ക വീടുകളിലും രാത്രിയായാല്‍ വൈദ്യുതി വെളിച്ചം ഉപയോഗിക്കാറില്ല. പ്രതിവിധി അറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയില്ല.
Next Story

RELATED STORIES

Share it