kannur local

ഓടത്തില്‍ പള്ളിക്ക് മുന്നില്‍ മാലിന്യക്കൂമ്പാരം ഒരുക്കി നഗരസഭ

തലശ്ശേരി: മാലിന്യമുക്ത നഗരമെന്ന പ്രഖ്യാപനം നഗരസഭ നടത്തി മാസങ്ങള്‍ പിന്നിടവെ ചരിത്രപ്രസിദ്ധമായ ഓടത്തില്‍ പള്ളിയുടെ മുഖ്യ കവാടത്തിനു മുന്‍വശത്ത് നഗരമാലിന്യങ്ങള്‍ കുന്നുകൂടുന്നു. പള്ളിയുടെ ഔദ്യോഗിക ഭൂമിക്ക് വെളിയിലെ സ്ഥലമാണിത്. ഇതുകൊണ്ടായിരിക്കാം സാമൂഹികമര്യാദകള്‍ ലംലിച്ച് മാലിന്യങ്ങള്‍ മുഖ്യകവാടത്തിന് മുന്‍വശത്തെ ഒഴിഞ്ഞ സ്ഥലത്ത് നിക്ഷേപിക്കുന്നത്. ഇക്കാര്യത്തി ല്‍ പള്ളിയുമായി ബന്ധമുള്ളവരോ ഭരണസമിതിയോ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ചേരിതിരിവിലേക്ക് നയിക്കും.
ഇതുവഴി രാഷ്ട്രീയലാഭം നേടാനുള്ള ശ്രമങ്ങളും ഉണ്ടാവും. ഇക്കാരണത്താലാവാം പള്ളി കമ്മിറ്റിയുടെ ഭാഗത്തുനിന്ന് വിയോജിപ്പുകള്‍ ഉയരാത്തത്. നേരത്തെ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും നഗരസഭ തള്ളുന്നതിനെതിരേ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ദീര്‍ഘകാലം പ്രക്ഷോഭം നടത്തിയിരുന്നു. ഇത് നിയമയുദ്ധത്തില്‍ കലാശിച്ചതോടെയാണ് പെട്ടിപ്പലം കോളനിയില്‍ മാലിന്യം തള്ളുന്നത് ഹൈക്കോടതി തടഞ്ഞത്.
തുടര്‍ന്ന് നഗരമാലിന്യം കടലോരത്തെ കണ്ടല്‍വന ഭാഗങ്ങളില്‍ വ്യാപകമായി തള്ളുകയുണ്ടായി. നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. സീറോ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി നഗരസഭ ആവര്‍ത്തിക്കുമ്പോഴും പഴയ ബസ്സ്റ്റാന്റ്, പുതിയ സ്റ്റാന്റ് എന്നിവിടങ്ങളിലെ മാലിന്യം അധികൃതരുടെ മൗനാനുവാദത്തോടെ അവര്‍ക്ക് സൗകര്യമുള്ള സ്ഥലങ്ങളില്‍ തള്ളുകയാണ്. ഇതിനെതിരേ പ്രതിഷേധം ഉയരവെയാണ് ഓടത്തില്‍ പള്ളിക്ക് മുന്നിലെ മാലിന്യനിക്ഷേപവും ചര്‍ച്ചയാവുന്നത്.
Next Story

RELATED STORIES

Share it