ഓഖി ദുരന്തമേഖലകളില്‍ ആശ്വാസവുമായി രാഹുല്‍ഗാന്ധി

തിരുവനന്തപുരം: ഓഖി നാശംവിതച്ച മേഖലകളില്‍ ആശ്വാസവുമായി കോണ്‍ഗ്രസ്സിന്റെ നിയുക്ത ദേശീയാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാവിലെ 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുല്‍ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു. മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ ആലിംഗനം ചെയ്തും ആശ്വസിപ്പിച്ചും അവരുടെ പ്രയാസങ്ങള്‍ നേരിട്ടുകേട്ടുമായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. പൂന്തുറയില്‍ ക്ഷമാപണത്തോടെയാണു മല്‍സ്യത്തൊഴിലാളികളോട് അദ്ദേഹം സംവദിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പിലായിരുന്നുവെന്നാണു പ്രദേശം സന്ദര്‍ശിക്കാന്‍ വൈകിയതിനു കാരണമായി അദ്ദേഹം പറഞ്ഞത്. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്കു സംഭവിച്ച നഷ്ടം ഇല്ലാതാക്കാനാവില്ല. ദുരന്തത്തിന് ഇരകളായ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടാവും. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും. ഉചിതമായ നഷ്ടപരിഹാരം മല്‍സ്യത്തൊഴിലാളികള്‍ക്കു ലഭ്യമാക്കണം. പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ അര്‍ഹമായതു വാങ്ങിനല്‍കാന്‍ ഒപ്പമുണ്ടാവും. പാര്‍ലമെന്റില്‍ നിങ്ങളുടെ വിഷയം ഉന്നയിക്കുമെന്നും യുപിഎ സര്‍ക്കാര്‍ അടുത്ത തവണ അധികാരത്തില്‍ കയറിയാല്‍ പ്രത്യേക ഫിഷറീസ് മന്ത്രാലയം അനുവദിക്കുമെന്നും വിഴിഞ്ഞത്തു സംസാരിക്കവെ അദ്ദേഹം വാക്കു നല്‍കി. ദുരന്തങ്ങളില്‍ നിന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശേഷം ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലെ ചിന്നത്തുറ ദുരിതബാധിത പ്രദേശങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ദുരന്ത മേഖലകളിലെ സന്ദര്‍ശന ശേഷം തൈക്കാട് പോലിസ് മൈതാനത്തു നടന്ന ബേബി ജോണ്‍ ജന്മശതാബ്ദി സമ്മേളനത്തിലും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പടയൊരുക്കം സമാപനസമ്മേളനത്തിലും പങ്കെടുത്തു രാത്രിയോടെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി.
Next Story

RELATED STORIES

Share it