kannur local

ഒഴിപ്പിക്കലിനെതിരേ വ്യാപാരികള്‍ സമരത്തില്‍

കണ്ണൂര്‍: ജില്ലാ ആശുപത്രിക്കു സമീപം കന്റോണ്‍മെന്റ് പരിധിയിലെ കടകള്‍ ഒഴിപ്പിക്കാനും ലേലം നടത്താനുള്ള നീക്കത്തിനതിരേ വ്യാപാരികള്‍ കടയടച്ച്് സമരം തുടങ്ങി. കന്റോണ്‍മെന്റ് അധികൃതരുടെ ധിക്കാരപരമായ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ പറഞ്ഞു.
ഇന്നുമുതല്‍ മുഴുവന്‍ കടകളും ഒഴിയണമെന്നാണ് അറിയിപ്പ്. അഞ്ചിന് ലേലം ചെയ്ത് പുതിയ ആളുകള്‍ക്ക് കൊടുക്കാനാണ്് കന്റോണ്‍മെന്റ് ബോര്‍ഡ് തീരുമാനം. 35 കടകളാണ് ഒഴിയേണ്ടിവരിക. അതേസമയം ഇന്നലെ വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമായും പി കെ ശ്രീമതി എംപിയുമായും പ്രശ്‌നം ചര്‍ച്ച ചെയ്തു. ആവശ്യമായ സഹായം ചെയ്യാമെന്ന് ഇരുവരും അറിയിച്ചതെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.
ജില്ലാ കലക്്ടറും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. കന്റോണ്‍മെന്റ് ബോര്‍ഡിലുള്ള ജനപ്രതിനിധികളെല്ലാം എതിര്‍ത്തിട്ടും ധിക്കാരപരമായാണ് നടപടിയെടുക്കുന്നതെന്നാണു പരാതി.
കന്റോണ്‍മെന്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നിര്‍ണായക യോഗം ചേര്‍ന്നു വ്യാപാരികളെ ഒഴിപ്പിക്കാനുള്ള അന്തിമതീരുമാനം പ്രഖ്യാപിച്ചത്. 27 വര്‍ഷമായി ഒരേ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ജില്ലാ ആശുപത്രി പരിസരത്തെ 35 കടകള്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം 300 ഓളം കുടുംബങ്ങളാണ് കട ഒഴിപ്പിക്കുന്നതോടെ പട്ടിണിയിലാവുന്നതെന്നും വ്യാപാരികള്‍ പറയുന്നു. ലേലം ചെയ്ത് ഉടമസ്ഥാവകാശം പുനര്‍നിര്‍ണയിക്കാന്‍ കന്റോണ്‍മെന്റ് ബോര്‍ഡ് നേരത്തേ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഏപ്രില്‍ രണ്ടിനകം കടകള്‍ അടച്ച് താക്കോല്‍ കൈമാറാനാണ് നിര്‍ദേശം. കച്ചവടാവകാശം ഏപ്രില്‍ അഞ്ചിന് പരസ്യമായി ലേലം ചെയ്ത് നല്‍കുമെന്നും കന്റോണ്‍മെന്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കടകള്‍ അടച്ച് താക്കോല്‍ കൈമാറുന്നതിന്റെ താല്‍പര്യം മനസ്സിലാക്കുന്നില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.
വര്‍ഷങ്ങളായി ചെറിയ കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന തങ്ങളെ ഇറക്കിവിടരുതെന്നാവശ്യപ്പെട്ട് കച്ചവടക്കാര്‍ കന്റോണ്‍മെന്റ് ബോര്‍ഡിന് പലതവണ നിവേദനം നല്‍കിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഹൈക്കോടതിയെ സമീപിച്ചിട്ടും ഗുണമുണ്ടായില്ല. നാളെ വ്യാപാരികള്‍ കന്റോണ്‍മെന്റ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it