palakkad local

ഒറ്റപ്പാലം ബസ് സ്റ്റാന്റിലെ അപകടങ്ങള്‍; പോലിസിനും നഗരസഭയ്ക്കും വിമര്‍ശനം

ഒറ്റപ്പാലം: ബസ് സ്റ്റാന്റിലെ അപകട വിഷയങ്ങളില്‍ പോലിസും നഗരസഭയും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് താലൂക്ക് വികസന സമിതിയില്‍ വിമര്‍ശനം. സ്റ്റേഷനില്‍ അംഗങ്ങളുടെ കുറവുണ്ടെന്നും എന്നാലും പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്ന് പോല്ിസ് അറിയിച്ചു.
ബസ് സ്റ്റാന്റിന്റെ തകര്‍ച്ചയാണ് അപകടങ്ങള്‍ക്ക് കാരണമെന്നും പോലിസ് പറഞ്ഞു. പാലപ്പുറത്തെ കൈയേറ്റം ഒഴിപ്പിക്കാത്തതിനെ ചൊല്ലി റവന്യൂവകുപ്പിന് നേരെയും വിമര്‍ശനമുണ്ടായി. നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചഭാഗത്തെ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു. വ്യാപാരികള്‍ സ്റ്റേവാങ്ങിയതിനെതിരെയും ബദല്‍ നടപടികള്‍ സ്വീകരിച്ചില്ല. പോസ്റ്റുകള്‍ മാറ്റിവെക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക കൂടിമടക്കി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. റോഡ് പണിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ഹാജരാകത്തത്തിനെതിരെയും വിമര്‍ശനം ഉണ്ടായി.
പങ്കെടുക്കാത്തതിന് കാരണം കാണിക്കാന്‍ കത്ത് നല്‍കണമെന്നും വിശദീകരണം ആവശ്യപ്പെടണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും വന്നു പോകുന്നവരുടെ രേഖകള്‍ ലഭ്യമല്ലെന്നും ലേബര്‍വകുപ്പ് ഓഫിസര്‍ അറിയിച്ചു.
നിലവില്‍ ചെര്‍പ്പുളശ്ശേരി, കിന്‍ഫ്ര, വല്ലപ്പുഴ ഭാഗങ്ങളിലെ തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് കാര്‍ഡ് വിതരണം പൂര്‍ത്തിയായി. ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് താമസിക്കുന്ന തൊഴിലാളികളുടെ കാര്‍ഡ് വിതരണം പുരോഗമിക്കുന്നുണ്ട്. അനങ്ങന്‍ മലയില്‍ ഫയര്‍ ബെല്‍റ്റ് സ്ഥാപിച്ചതിലെ അപാകതയാണ് തീ പടര്‍ന്ന് പിടിക്കാന്‍ കാരണമെന്ന് അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് എന്‍ ആര്‍ രഞ്ജിത്ത് പറഞ്ഞു.യോഗത്തില്‍ വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ജി രമേശ് പങ്കെടുത്തു.
Next Story

RELATED STORIES

Share it