Articles

ഒരു സ്ത്രീയോടും ഒരാളും ചെയ്യാന്‍ പാടില്ലിത്‌

കെ കെ  രമ
സ്വാതന്ത്ര്യത്തിന്റെ ശ്വാസവായുവാണ് ഒരു മനുഷ്യന്റെ ജീവിതം ഏറ്റവും സര്‍ഗാത്മകമാക്കുന്നത്. ശരിയെന്നു തോന്നുന്നത് ഉച്ചത്തില്‍ പറയാനും തെറ്റിനെതിരേ വിരല്‍ ചൂണ്ടാനും കഴിയുന്ന സ്വാതന്ത്ര്യത്തെ നാം നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു. ഒരാള്‍ക്ക് ശരിയെന്നു തോന്നുന്ന ആശയം പ്രചരിപ്പിക്കാനും അതിനു വേണ്ടി നിലകൊള്ളാനും അവകാശമുണ്ട്. നമ്മുടെ ഭരണഘടന നമുക്കു നല്‍കുന്ന പരിരക്ഷയും അതാണ്. പൗരന്റെ മൗലികാവകാശത്തെ അത് സ്ത്രീയായാലും പുരുഷനായാലും മൂന്നാംലിഗക്കാരായാലും ഹനിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഭരണഘടന നമുക്കു നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സിപിഎം നേതൃത്വവും അവരുടെ ഭരണത്തലവന്‍മാരും പൗരന്റെ ജനാധിപത്യാവകാശത്തെയും ജീവിക്കാനുള്ള അവകാശത്തെയും കൊന്നുതള്ളുകയാണ്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം കേരളത്തില്‍ ഇനി ഒരു രാഷ്ട്രീയ കൊലപാതകം അരുതെന്ന് നെഞ്ചുപൊട്ടി പറഞ്ഞവരാണു ഞങ്ങള്‍. പക്ഷേ, ഇവിടെയുള്ള രാഷ്ട്രീയനേതൃത്വം വിശേഷിച്ച് സിപിഎം അതു ചെവിക്കൊണ്ടില്ല. അവര്‍ നിരന്തരം കൊലവിളിയുമായി മുന്നോട്ടുപോവുകയാണ്. ഒടുവില്‍ കണ്ണൂര്‍ ജില്ലയിലെ എടയന്നൂരിലെ ശുഹൈബിനെയും 37 കഷണമാക്കി കൊന്നു. ഞങ്ങള്‍, അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സഹിക്കാനാവില്ല ഇതൊന്നും. ഇവിടെ വിയോജിക്കാന്‍ സ്വാതന്ത്ര്യം വേണം. സൈ്വരമായി എല്ലാവര്‍ക്കും ജീവിക്കണം. പൊതുപ്രവര്‍ത്തനം നടത്തണം. സ്ത്രീത്വം അവഹേളിക്കപ്പെടാന്‍ പാടില്ല.
കഴിഞ്ഞ 10 വര്‍ഷമായി സിപിഎമ്മില്‍ നിന്നു നിരന്തരം പീഡനമേല്‍ക്കുന്ന ഒരാളാണു ഞാന്‍. എന്റെ ഭര്‍ത്താവിനെയാണ് 51 വെട്ട് വെട്ടി സിപിഎം നേതൃത്വം അരുംകൊല ചെയ്തത്. 30 വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ സിപിഎം നേതൃത്വം എനിക്കു നല്‍കിയത് ഈ തീരാവേദനയാണ്. എനിക്കു നേരിട്ടതുപോലെ എത്രയോ ഭാര്യമാര്‍ക്ക് ഭര്‍ത്താവിനെ നഷ്ടമായി. മക്കള്‍ക്ക് അച്ഛനില്ലാതായി. അമ്മമാര്‍ക്ക് മക്കളില്ലാതായി. സഹോദരിമാര്‍ക്ക് സഹോദരന്‍മാര്‍ നഷ്ടപ്പെട്ടു. ഈ വേദനയ്ക്കു ശമനമില്ല. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇത് അവസാനിച്ചുകാണാന്‍ ആഗ്രഹമുണ്ട്.
കേരളത്തിലെ സിപിഎമ്മിനെ നയിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ നേതാക്കളാണ്. അവരുടെ നേതൃത്വത്തിലാണു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കപ്പെടുന്നതും. ചന്ദ്രശേഖരന്റെയും ശുഹൈബിന്റെയും കൊലപാതക സംഭവങ്ങളിലെ സമാനതകള്‍ ഇക്കാര്യം വെളിവാക്കുന്നുണ്ട്. ആസൂത്രണത്തിലെ വൈദഗ്ധ്യം പല കൊലപാതകങ്ങളിലും യഥാര്‍ഥ പ്രതികളെ വെളിച്ചത്തു കൊണ്ടുവരുന്നില്ല. ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്കാവട്ടെ ജയിലില്‍ ഇഷ്ടംപോലെ എന്തും ചെയ്യാം. കഞ്ചാവടക്കം വില്‍പന നടത്തി സമ്പന്നരാവുന്നവരാണ് സിപിഎമ്മിനു വേണ്ടി കൊലവാളുകള്‍ എടുത്ത് ജയിലില്‍ കഴിയുന്നവര്‍. നിയമവിരുദ്ധ പരോള്‍ അനുവദിച്ച് നീതിനിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതും സിപിഎം നേതൃത്വം തന്നെ. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍, രാമചന്ദ്രന്‍, കിര്‍മാണി മനോജ്, എം സി അനൂപ് തുടങ്ങിയവര്‍ക്കെല്ലാം വഴിവിട്ട പരോളാണ് അനുവദിച്ചത്. മാത്രമല്ല, ടി കെ രജീഷടക്കമുള്ളവര്‍ക്ക് ജയിലിനു പുറത്ത് ദിവസങ്ങളോളം സുഖചികില്‍സയും. ഇതെല്ലാം നമ്മെ ഭയപ്പെടുത്തുന്നു. ഇവിടെ നിയമവാഴ്ച ഇല്ലാതാവുന്നു.
ഒഞ്ചിയത്തും പരിസരദേശങ്ങളിലും സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടി ആര്‍എംപി ഐ നേതാക്കളെ നിരന്തരം ആക്രമിച്ചു. അനേകം വീടുകള്‍ തകര്‍ത്തു. വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു. കടകള്‍ കൊള്ളയടിച്ചും തീയിട്ടും സിപിഎമ്മുകാര്‍ ആഹ്ലാദിച്ചു. ഇതിന് അറുതിവരുത്തുന്നതിനു പകരം നേതാക്കള്‍ പ്രോല്‍സാഹനം നല്‍കുന്നു.
സ്ത്രീയെ മാനിക്കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. ടി പി ചന്ദ്രശേഖരന്റെ ഭാര്യയായ ഞാന്‍ എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം വരെയായി. എന്റെ അച്ഛന്‍ കെ കെ മാധവന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം മുതല്‍ സിപിഎം ഏരിയാ സെക്രട്ടറി വരെയായി. കര്‍ഷകസംഘം ജില്ലാ ഭാരവാഹിയായി. എന്റെ സഹോദരി പ്രേമയും എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ആ നിലയ്ക്ക് കമ്മ്യൂണിസ്റ്റ് കുടുംബമാണ് ഞങ്ങളുടേത്. ആരെയും ഇകഴ്ത്താനോ അവഹേളിക്കാനോ ആരും തുനിഞ്ഞിട്ടില്ല. എന്നാല്‍, സിപിഎമ്മിന്റെ ഫാഷിസത്തെ എതിര്‍ക്കുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും അധിക്ഷേപമാണു കഴിഞ്ഞ എത്രയോ കാലമായി നേരിടുന്നത്. അങ്ങേയറ്റം നെറികെട്ട വാക്കുകള്‍, നിന്ദ്യവും ക്രൂരവുമായ ലൈംഗികച്ചുവ കലര്‍ന്ന പ്രയോഗങ്ങള്‍. ഇതെല്ലാമാണ് സിപിഎം പ്രവര്‍ത്തകരില്‍ നിന്നു നേരിടുന്നത്. നേതൃത്വമാവട്ടെ ഇതില്‍ ആഹ്ലാദം കൊള്ളുന്നു. ഇതൊന്നും എന്റെ വ്യക്തിപരമായ കാര്യമല്ല. ഒരു സ്ത്രീയോട് ഒരാളും ചെയ്യാന്‍ പാടില്ലിത്. നാളെ ഒരു സ്ത്രീക്കും ഇത്തരമൊരവസ്ഥ വരരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനോ പിന്തിരിപ്പിക്കാനോ കഴിയില്ല. ഇക്കാര്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ അറിയണം. സിപിഎം കേന്ദ്രനേതൃത്വത്തിനും ഇതേ നിലപാടുതന്നെയാണോ എന്ന് അവര്‍ വ്യക്തമാക്കട്ടെ. സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം മറുപടി പറയട്ടെ. ഈ സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ പെരുമാറ്റം സിപിഎമ്മിന് ഭൂഷണമാണെങ്കിലും വ്യക്തമാക്കട്ടെ, സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും.                          ി
Next Story

RELATED STORIES

Share it