kasaragod local

ഒരു വര്‍ഷത്തിനകം വിതരണം ചെയ്തത് 15,000ഓളം പാസ്‌പോര്‍ട്ടുകള്‍

കാസര്‍കോട്: ഏറെ കാലത്തെ മുറവിളിക്ക് ശേഷം ജില്ലയ്ക്ക് അനുവദിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലൂടെ ഒരു വര്‍ഷത്തിനകം നല്‍കിയത് 15,000ലധികം പാസ്‌പോര്‍ട്ടുകള്‍. അപേക്ഷകരുടെ തിരക്ക് പരിഗണിച്ച് നിത്യേന 150 അപേക്ഷകള്‍ സ്വീകരിക്കാന്‍ സംവിധാനമൊരുക്കുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 29നാണ് കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫിസ് കെട്ടിടത്തില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങിയത്. 2016 ഡിസംബറിലാണ് കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
കെട്ടിട സൗകര്യമില്ലാത്തതിനാല്‍ സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം യഥാസമയം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. സേവാകേന്ദ്രം കാസര്‍കോടിന് നഷ്ടമാവുമെന്ന ഘട്ടം വന്നപ്പോള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം തുടങ്ങിയിരുന്നു. പ്രതിഷേധം ശക്തമായതോടെ കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫിസിലെ പോസ്റ്റ് മാസ്റ്ററുടെ ചെറിയ മുറിയില്‍ അറ്റകുറ്റപണി നടത്തി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ നിത്യേന 75 അപേക്ഷകളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. സമയം ക്രമീകരിച്ച് ടോക്കണ്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. പുതിയ പാസ്‌പോര്‍ട്ട് അപേക്ഷ, പഴയത് പുതുക്കി നല്‍കല്‍ എന്നിവയാണ് സേവാകേന്ദ്രം വഴി ലഭ്യമാകുന്ന സേവനങ്ങള്‍. പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമാണ്. 1500 രൂപയാണ് അപേക്ഷഫീസ്.
സേവാകേന്ദ്രം തുടങ്ങിയപ്പോള്‍ ആറ് ജീവനക്കാരേയാണ് ഇവിടെ നിയോഗിച്ചത്. ഇതില്‍ ഒരാള്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥനും മറ്റുള്ളവര്‍ സ്വകാര്യ ഏജന്‍സികളിലെ ജീവനക്കാരുമാണ്. ഇപ്പോഴുളള കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. നിത്യേന സ്ത്രീകളടക്കം നിരവധി പേരാണ് പാസ്‌പോര്‍ട്ട് ആവശ്യത്തിന് എത്തുന്നത്. അപേക്ഷകര്‍ക്ക് ഇരിപ്പിട സൗകര്യങ്ങളും ഇല്ല. കഴിഞ്ഞ ദിവസം കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം സന്ദര്‍ശിച്ചിരുന്നു. അപേക്ഷകളുടെ എണ്ണം 150 ആയി ഉയര്‍ത്താനും ഓഫിസ് വിപുലീകരിക്കാനും സംവിധാനം ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പോസ്റ്റ് ഓഫിസിന്റെ അകത്ത് കുറച്ചുകൂടി സേവാകേന്ദ്രം വിപുലീകരിക്കാനാണ് ആലോചിക്കുന്നത്.  ഇവിടെ അപേക്ഷ നല്‍കിയവര്‍ പാസ്‌പോര്‍ട്ടിനായി ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരുന്നു. ഇത് ഗള്‍ഫിലേക്ക് തൊഴില്‍ തേടി പോകുന്നവരേ പ്രയാസപ്പെടുത്തുന്നുണ്ട്. എന്നാല്‍ പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ അപേക്ഷ നല്‍കിയാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതായി അപേക്ഷകര്‍ പറയുന്നു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ കൂടുതല്‍ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങുന്നതോടെ കാലതാമസത്തിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it