ഒരു ലക്ഷം കോടിയുടെ 'ശത്രു സ്വത്ത് 'ഏറ്റെടുക്കും

ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി രൂപ വിലമതിക്കുന്ന രാജ്യത്തെ ശത്രു സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇത്തരം വസ്തുക്കളുടെ സംരക്ഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും നഗരവികസന മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റി വേഗത്തില്‍ എറ്റെടുക്കുന്നതിനുള്ള നീക്കങ്ങളാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളതെന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഇത്തരം സ്വത്തുക്കളുടെ കൈമാറ്റം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ തീരുമാനിച്ചിരുന്നെങ്കിലും ഇവ നഗര വികസന മന്ത്രാലയത്തെ അറിയച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കൈമാറുന്ന സ്വത്തുക്കള്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധത്തില്‍ വാടകയ്ക്ക് നല്‍കാനും നിര്‍ദേശിക്കുന്നു. കൂടുതല്‍ സ്ഥലം ഉള്‍ക്കൊള്ളുന്ന ഇത്തരം വസ്തുക്കള്‍ സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവയ്ക്ക് ഓഫിസായി ഉപയോഗപ്പെടുത്താവുന്ന രീതി സ്വീകരിക്കാമെന്നും പുതിയ തീരുമാനം വ്യവസ്ഥ ചെയ്യുന്നു.
അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ചൈന എന്നിവിടങ്ങളിലെ പൗരന്‍മാരുടെ പേരിലുള്ളതാണ് 1 ലക്ഷം കോടി വിലവരുന്ന ഈ സ്വത്തുക്കള്‍. 1962ലെ ഇന്ത്യ-ചൈന യുദ്ധം, 1965, 1971 എന്നീ കാലത്തെ ഇന്ത്യ-പാക് യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തിനകത്ത് ഉപേക്ഷിച്ചു പോയതാണ് സ്വത്തുക്കള്‍.
തുടര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ നിയമത്തിനു കീഴിലെ വ്യവസ്ഥകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ഈ വസ്തുക്കള്‍ ഏറ്റെടുക്കുകയായിരുന്നു. 2017ല്‍ 49 വര്‍ഷം പഴക്കമുള്ള ശത്രു സ്വത്തു നിയമം ഭേദഗതി ചെയ്തതോടെ ഇത്തരം വസ്തുക്കള്‍ക്ക് മേല്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് യാതൊരു അവകാശവും ഉന്നയിക്കാനാവില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it