ഒരു മിനിറ്റില്‍ 131 പുഷ്അപ്; 12കാരന് ദേശീയ റെക്കോഡ്‌

നിസാര്‍   ഇസ്മയില്‍

കൊടുങ്ങൂര്‍: കളിപ്പാട്ടങ്ങളോട് ചങ്ങാത്തംകൂടേണ്ട പ്രായത്തില്‍ വിഷ്ണുവിന് പ്രിയം സാഹസികത. തന്റെ പരിശീലകരെപ്പോലും ഞെട്ടിച്ചുകൊണ്ട് ഈ 12കാരന്‍ ഇന്നലെ ഒരു മിനിറ്റില്‍ 131 പുഷ്അപ് ചെയ്ത് നേടിയത് ദേശീയ റെക്കോഡ്. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ നിരവധി പേരെ സാക്ഷിനിര്‍ത്തിയാണ് വിഷ്ണു ഈ നേട്ടം കൈവരിച്ചത്. യൂനിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. നാലുവര്‍ഷമായി സന്‍സായ് കെ ജി സന്തോഷ്, സന്‍സായ് അനൂപ് കെ ജോണ്‍ എന്നിവരുടെ കീഴിലാണ് ജിഷ്ണുവിന്റെ കരാത്തെ പരിശീലനം. ഇനി ഉടന്‍ തന്നെ ഏഷ്യന്‍, വേള്‍ഡ് റെക്കോഡുകള്‍ കരസ്ഥമാക്കാനാവശ്യമായ പരിശീലനം ആരംഭിക്കാനൊരുങ്ങുകയാണ് വിഷ്ണു. ഏതാനും നാളുകള്‍ക്കു മുമ്പ് മൂന്നാര്‍ സ്വദേശിയായ ജോസഫ് എന്ന 28 വയസ്സുകാരന്‍ ഒരു മിനിറ്റില്‍ 84 പുഷ്അപ് എടുക്കുന്നത് ടിവിയില്‍ കണ്ടതോടെയാണ് തനിക്ക് ആ റെക്കോഡ് തകര്‍ക്കണമെന്ന മോഹമുണ്ടായതെന്നു വിഷ്ണു പറയുന്നു. പരിശീലനസമയത്ത് 144 പുഷ്അപ് വരെ എടുക്കാന്‍ സാധിച്ചിരുന്നു. പാല മേവട വേലുത്താഴെ വി ഡി സന്തോഷ്‌കുമാര്‍-ജിഷ ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്ത മകനാണ്. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവിന് ഒരു സങ്കടം മാത്രമേയുള്ളൂ; ഗിന്നസ് റെക്കോഡിനായി മല്‍സരിക്കാന്‍ ഇനിയും ആറുവര്‍ഷം കാത്തിരിക്കണമെന്നത്. കാരണം, 18 വയസ്സ് കഴിഞ്ഞവരുടെ പ്രകടനങ്ങള്‍ മാത്രമേ ഗിന്നസ് ബുക്ക് അധികൃതര്‍ പരിഗണിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it