'ഒരു മനുഷ്യനെ ചെയ്തത് നോക്കൂ'

കൊച്ചി: കണ്ണൂര്‍ മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വെട്ടേറ്റ ശരീരഭാഗങ്ങളുടെ പടം ഉയര്‍ത്തിക്കാട്ടി ഹൈക്കോടതി ജഡ്ജി. “”ഒരു മനുഷ്യനെ ചെയ്തതു നോക്കൂ. ഇത് നിങ്ങളൊന്നു കാണൂ’’എന്ന് സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകനോട് ജസ്റ്റിസ് ബി കെമാല്‍ പാഷ പറഞ്ഞു. ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് സി പി മുഹമ്മദും മാതാവ് എസ് പി റസിയയും സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
സംഭവത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മിന് ബന്ധമുണ്ടെന്നു വാദിഭാഗം ചൂണ്ടിക്കാട്ടിയപ്പോള്‍ ഹരജിക്കാരന്റെ അഭിഭാഷകന്‍ രാഷ്ട്രീയ പ്രഭാഷണമാണു നടത്തുന്നതെന്നും താന്‍ കേസിന്റെ വസ്തുതകള്‍ പറയാന്‍ പോവുകയാണെന്നും സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. കേസില്‍ കാര്യമായ പുരോഗതി ഉണ്ടായതായും സ്‌റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി.
അപ്പോഴാണ് ശുഹൈബിന്റെ വെട്ടേറ്റ ഫോട്ടോ കോടതി ഉയര്‍ത്തിക്കാട്ടിയത്. ഒരു മനുഷ്യനെ ചെയ്തതു നോക്കൂവെന്നും ഫോട്ടോ നോക്കൂവെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാവണമെന്നുതന്നെയാണു നിലപാടെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. കൊലപാതകത്തില്‍ ഫലപ്രദമായ അന്വേഷണമാണു നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പോലിസില്‍ ചാരനുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ എസ്പി പറഞ്ഞത് എന്തു ധൈര്യത്തിലാണെന്നു കോടതി ഇതിനു മറുപടിയായി ചോദിച്ചു. എങ്ങനെയാണ് ഇത്തരം വാര്‍ത്താസമ്മേളനം നടത്തിയത്. അന്വേഷണം ഫലപ്രദമായി നടത്താന്‍ പോലിസിനാവില്ലെന്നാണ് എസ്പി പറഞ്ഞത്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ഈ മാസം 12ന് രാത്രിയാണ് ശുഹൈബ് കൊല്ലപ്പെട്ടത്. കണ്ണൂരിലെ പോലിസിനെ സിപിഎം നിയന്ത്രിക്കുകയാണെന്നു ഹരജിയില്‍ പറയുന്നു. ഇ പി ജയരാജന്റെ മണ്ഡലത്തിലാണു കൊല നടന്നത്. പക്ഷേ, അദ്ദേഹം ഇതു വരെ കൊലപാതകത്തെ അപലപിച്ചിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികള്‍ പോലിസ് സമ്മര്‍ദത്താല്‍ കീഴടങ്ങിയതാണെന്നാണു പ്രസ്താവനയില്‍ പറഞ്ഞത്. ആയുധങ്ങള്‍ കണ്ടെത്താനാവാത്തതും പ്രതികളെ പിടികൂടാനാവാത്തതും അന്വേഷണം തെറ്റായ ദിശയിലാണു പോവുന്നത് എന്നതിന്റെ തെളിവാണ്. മാത്രമല്ല, പോലിസ് ഗൂഢാലോചനയിലേക്ക് ശക്തമായ രീതിയില്‍ അന്വേഷണം നടത്തുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it