kozhikode local

ഒരു കോടി അനുവദിച്ചു: തിരുവള്ളൂര്‍ തുരുത്തി കോളനിയുടെ മുഖച്ഛായ മാറും

വടകര: അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം തിരുവള്ളൂര്‍ തുരുത്തി കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചു. മണ്ഡലം എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ ശ്രമ ഫലമായാണ് തുരുത്തി കോളനിയെ പദ്ധതിയില്‍ പെടുത്തിയത്. പദ്ധതി നടപ്പിലാകുന്നതോടെ തുരുത്തി കോളനിയുടെ മുഖച്ഛായ മാറും.
പാതിവഴിയില്‍ നില്‍ക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കല്‍, വീടുകള്‍ പുനരുദ്ധരിക്കല്‍, കക്കൂസ് നിര്‍മ്മാണം, കോളനിക്കുള്ളില്‍ റോഡുകളും നടപ്പാതകളും നിര്‍മ്മിക്കല്‍, പൊതു സ്ഥാപനങ്ങളുടെ നിര്‍മ്മാണം നവീകരണം, കളിസ്ഥലം നിര്‍മ്മാണം, സ്വയം തൊഴില്‍ പദ്ധതികള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, അടുക്കളത്തോട്ടം, തൊഴില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒരു കോടി രൂപ ഉപയോഗിക്കുക.സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ നിര്‍മിതിക്കാണ് പദ്ധതി നിര്‍വഹണത്തിന്റെ ചുമതല.
കുറ്റിയാടി മണ്ഡലത്തിലെ മൂന്നാമത്തെ കോളനിക്കാണ് തുക അനുവദിച്ചിരിക്കുന്നത്. നേരത്തെ മണിയൂര്‍ പഞ്ചായത്തിലെ മീനത്തുകര, തിരുവള്ളൂര്‍ പഞ്ചായത്തിലെ വെള്ളൂക്കര കോളനികള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചിരുന്നു. ഗുണഭോകൃത സമിതി രൂപീകരണ യോഗം പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസര്‍ അനീഷ് പി നായര്‍ പദ്ധതി വിശദീകരിച്ചു. നിര്‍മിതി പ്രൊജക്റ്റ് മാനേജര്‍ മനോജ്കുമാര്‍, വാര്‍ഡ് മെമ്പര്‍ ടിഎം ഗീത, എസ്‌സി പ്രമോട്ടര്‍ ശൈലേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it