malappuram local

'ഒരുമയോടെ മികവിലേക്ക് ' സമഗ്ര മാലിന്യ നിര്‍മാര്‍ജന പദ്ധതിക്ക് ഒഴൂരില്‍ തുടക്കമായി

തിരൂര്‍: ഒഴൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘അതിജീവനം’ സമഗ്ര മാലിന്യ നിര്‍മാര്‍ജന പദ്ധതിക്കു തുടക്കമായെന്ന് അധികൃതര്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വീടുകളിലേയും വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ പൂര്‍ണമായും ഏറ്റെടുത്ത് ശുചിത്വമിഷ്യന്റെ സഹകരണത്തോടെ സംസ്‌ക്കരിക്കുന്ന ഏജന്‍സിക്ക് കൈമാറും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് ഒഴൂര്‍ പഞ്ചായത്ത് ഭരണസമിതി ഏര്‍പ്പാടാക്കിയിരിക്കുന്നത്. പ്രചരണത്തിന്റെ ഭാഗമായുള്ള പ്രത്യേക ഗ്രാമസഭകള്‍ക്കു കഴിഞ്ഞ ദിവസം മുതല്‍ തുടക്കമായി. തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വീടുവീടാന്തരം കയറി ഇറങ്ങി ബോധവല്‍ക്കരണ സന്ദേശം നല്‍കും. സ്‌കൂളുകളില്‍ ശുചിത്വ അസംബ്ലിയും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പാട്ടുവണ്ടിയും ഏര്‍പ്പെടുത്തും. വ്യാപാരി വ്യവസായികളുമായി സഹകരിച്ചു ശുചിത്വ ഹര്‍ത്താല്‍ നടത്തും. പദ്ധതിയുടെ ലോഗോ പ്രകാശനം തിരൂര്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് പയ്യോളിക്കു നല്‍കി പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിത നിര്‍വ്വഹിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെവി പ്രജിത, വൈസ് പ്രസിഡന്റ് അഷ്‌ക്കര്‍ കോറാട്, സ്ഥിരം സമിതി അധ്യക്ഷന്‍ അലവി മുക്കാട്ടില്‍, എക്കോ ഗ്രീന്‍ കേരള പ്രതിനിധി മുജീബ് താനാളൂര്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it