thrissur local

ഒരുക്കങ്ങള്‍ പൂര്‍ണം; കലോല്‍സവ ലഹരിയില്‍ പൂര നഗരി

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃശൂര്‍ നഗരം കലോല്‍സവത്തെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ്. മല്‍സരങ്ങള്‍ നടക്കുന്ന മുഴുവന്‍ വേദികളും കലവറപ്പുരയും ഭക്ഷണശാലയും എല്ലാം സജ്ജമായി. സുരക്ഷാ ക്രമീകരണങ്ങള്‍ പുരോഗമിച്ചു വരികയാണ്. മല്‍സരാര്‍ത്ഥികള്‍ എത്തിത്തുടങ്ങിയതോടെ കലോത്സവത്തിന്റെ ആവേശം നിറഞ്ഞു കഴിഞ്ഞു. കലോല്‍സവത്തിന്റെ ആവേശം പങ്കുവെക്കാന്‍ വേദിക്കു പുറത്ത് സാംസ്‌കാരിക പരിപാടികളും അരങ്ങേറും. കലോല്‍സവം വിജയിപ്പിക്കുന്നതിന് വിപുലമായ സജ്ജീകരണങ്ങള്‍ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. താമസയാത്ര സൗകര്യങ്ങള്‍ക്ക് ഇക്കുറി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രധാനവേദിയായ നീര്‍മാതളത്തില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന മേളയില്‍ എംഎല്‍എ മാരായ ബി ഡി ദേവസ്സി, കെ വി അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഗീത ഗോപി, അഡ്വ. കെ രാജന്‍, വി ആര്‍ സുനില്‍കുമാര്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, പ്രൊഫ. കെ യു അരുണന്‍, അനില്‍ അക്കര, യു ആര്‍ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിത, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സൂര്യകൃഷ്ണാമൂര്‍ത്തി, രമേഷ് നാരായണന്‍, ജയരാജ് വാര്യര്‍ എന്നിവര്‍ സന്നിഹിതരാകും. ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ സുധീര്‍ ബാബു, വിഎച്ച്എസ്‌സി ഡയറക്ടര്‍ പ്രാഫ. ഫറൂഖ് എ, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ്, സബ് കലക്ടര്‍ ഡോ. രേണുരാജ്, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. എം കെ മുകുന്ദന്‍, കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ്ണ, ദേവസ്വം  പ്രസിഡണ്ടുമാരായ ഡോ. സുദര്‍ശന്‍, പ്രൊഫ. മാധവന്‍കുട്ടി, സതീഷ് മേനോന്‍ എന്നിവര്‍ ആശംസ നേരും. ഗാനരചിയിതാവായ മുരുകന്‍ കാട്ടാക്കട, സംഗീത സംവിധായകന്‍ എം ജി ശ്രീകുമാര്‍, ദൃശ്യവിസ്മയം രൂപകല്‍പന ചെയത് സൂര്യകൃഷ്ണാമൂര്‍ത്തി, കലോല്‍സവ ലോഗോ ഡിസൈന്‍ ചെയ്ത സൈമണ്‍ പയ്യന്നൂര്‍ എന്നിവരെ ആദരിക്കും.
Next Story

RELATED STORIES

Share it